തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിലെ പ്രതിയും സി.പി.എം നേതാവുമായ ഐ.പി. ബിനുവിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസിനെതിരെ ഗുരുതര ആരോപണം. പോലീസുകാർ തന്നെയാണ് ഓണാഘോഷത്തിനായി ബിനുവിന് വസ്ത്രങ്ങൾ വാങ്ങി നൽകിയത്. മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ പോലീസുകാരുടെ സാന്നിധ്യത്തിൽ ബിനു ഊഞ്ഞാലാടുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഓണാഘോഷത്തിന്റെ ഭാഗമായി മ്യൂസിയം സ്റ്റേഷനിലെ പോലീസുകാർ ഒരേ നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് ധരിച്ചിരുന്നത്. ഇതേ നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് ബിനുവും ആഘോഷത്തിൽ പങ്കെടുത്തത്. നഗരത്തിലെ കടയിൽനിന്ന് പോലീസുകാർക്കായി വസ്ത്രങ്ങൾ വാങ്ങുന്നതിനൊപ്പം ബിനുവിനും വസ്ത്രം വാങ്ങിയെന്നാണ് വിവരം. സ്റ്റേഷനിലെ ഒരു കോൺസ്റ്റബിൾ ബിനുവിന് വസ്ത്രം കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്.
സ്റ്റേഷന്റെ ചുമതല വഹിച്ചിരുന്ന ഇൻസ്പെക്ടറും സേനയിലെ ഇടതുസംഘടനാ നേതാവുമായ ആർ. പ്രശാന്തിന്റെ അറിവോടെയാണ് ബിനു ഉൾപ്പെടെയുള്ളവർ ഓണാഘോഷത്തിൽ പങ്കെടുത്തതെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ കണ്ടെത്തൽ.
പോലീസ് സ്റ്റേഷനിൽ പ്രതിക്ക് പ്രത്യേക പരിഗണനയാണ് ലഭിച്ചിരുന്നത്. നഗരമധ്യത്തിലെ പോലീസ് സ്റ്റേഷന് മുന്നിൽ പോലീസുകാർ നോക്കിനിൽക്കെയാണ് ബിനു ഓണാഘോഷത്തിന്റെ ഭാഗമായി ഊഞ്ഞാലാടിയത്. ഇ.ഡി ആക്രമണക്കേസിൽ സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ആർ. പ്രശാന്ത്. കഴിഞ്ഞദിവസം അദ്ദേഹത്തെ തൃശൂർ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു.
മ്യൂസിയം സ്റ്റേഷന്റെ ചുമതല ഒഴിയാനിരിക്കെയായിരുന്നു ഓണാഘോഷം നടന്നത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ചും പ്രതിക്ക് സ്റ്റേഷനിൽ ലഭിച്ച പരിഗണനയെക്കുറിച്ചും കൂടുതൽ അന്വേഷണം വേണമെന്ന ആവശ്യം ഉയരുകയാണ്.















