തൃശൂർ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശൂരിൽ എത്തുന്നതിന് മുന്നോടിയായി പുതിയ വിവാദം. കോൺഗ്രസിന്റെ തൃശൂർ ഓഫീസിൽ കുങ്കുമ നിറത്തിന് പ്രാമുഖ്യം കൂടി എന്ന കാരണത്താൽ, നിറം മാറ്റി പച്ച അടിക്കാൻ നേതാക്കൾ തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയതായാണ് വിവരം. ഓഫീസിന് ത്രിവർണ പതാകയുടെ നിറം അടിക്കാൻ നിർദ്ദേശം നൽകിയപ്പോൾ തൊഴിലാളികൾ കുങ്കുമ നിറത്തിന് പ്രാധാന്യം നൽകി അടിച്ചു എന്ന ആരോപണത്തെ തുടർന്നാണ് നിറം മാറ്റി പച്ച അടിക്കുന്നത്.
കെ കരുണാകരൻ സ്മൃതി മന്ദിരം എന്ന പേരിൽ അറിയപ്പെടുന്ന കോൺഗ്രസ് ഓഫീസിന് ആദ്യം തൂവെള്ള നിറമായിരുന്നു. രാഹുൽ ഗാന്ധി വരുന്നതിന് മുന്നോടിയായി കോൺഗ്രസ് പതാകയുടെ നിറം അടിക്കാൻ തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം അവർ പെയിന്റ് അടിച്ചപ്പോൾ, കുങ്കുമ നിറം എടുത്ത് കാണിക്കുന്നു എന്നായിരുന്നു വിമർശനം. പാർട്ടി ഓഫീസ് ബിജെപി ഓഫീസിന്റെ നിറത്തിലായി എന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെ വീണ്ടും പെയിന്റ് അടിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
കുങ്കുമ നിറം അധികമായി എന്ന തോന്നിയ ഭാഗങ്ങളിൽ പച്ച അടിക്കാനാണ് തീരുമാനം. ഇതനുസരിച്ചാണ് ഇപ്പോൾ പണികൾ പുരോഗമിക്കുന്നത് എന്നാണ് വിവരം.
Comments