വാഷിംഗ്ടൺ: ചൈന-തായ്വാൻ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിനിടെ ബില്യൺ കണക്കിന് ഡോളർ സൈനിക സഹായം തായ്വാന് നേരിട്ട് നൽകാൻ അമേരിക്ക. നേരിട്ട് സൈനിക സഹായം നൽകാൻ യുഎസ് സെനറ്റ് കമ്മറ്റി ആദ്യ നടപടി എടുത്തു കഴിഞ്ഞു. പതിറ്റാണ്ടുകളായി യുഎസ് തായ്വാന് ആയുധങ്ങൾ വിറ്റിട്ടുണ്ട്. എന്നാൽ പുതിയ നിയമനിർമ്മാണത്തിന്റെ അടിസ്ഥാനത്തിൽ നാല് വർഷത്തിനുള്ളിൽ തായ്വാന് 4.5 ബില്യൺ ഡോളർ സുരക്ഷാ സഹായം നൽകികൊണ്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടു പോകുമെന്ന് യുഎസ് വ്യക്തമാക്കി. തായ്വാന് സുരക്ഷ വർദ്ധിപ്പിക്കുന്ന അമേരിക്കയുടെ നിലപാട് ചൈനയെ വലിയ രീതിയിൽ പ്രകോപിപ്പിക്കും.
ദ്വീപ് പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ചൈനയ്ക്കെതിരെ ശക്തമായ ഉപരോധം തീർക്കാൻ തായ്വാന് അമേരിക്ക പിന്തുണ നൽകുന്നു. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് പിന്നാലെ യുഎസ് സ്പീക്കർ നാൻസി പെലോസി തായ്വാൻ സന്ദർശിച്ചിരുന്നു. ചൈനയുടെ പ്രകോപനവും ഭീഷണിയും തുടരുന്നതിനിടെയാണ് നാൻസി പെലോസിയുടെ തായ്വാൻ സന്ദർശനം നടന്നത്. യുഎസ് സ്പീക്കറുടെ സന്ദർശനവും അമേരിക്കയുടെ പിന്തുണയും ചൈനയെ വളരെയധികം പ്രകോപിപ്പിച്ചിരുന്നു. പിന്നാലെ, തായ്വാൻ കടലിടുക്കിൽ യുദ്ധവിമാനങ്ങൾ പറത്തി ചൈന ഭീഷണി മുഴക്കുന്നത് തുടരുകയാണ്. ഇതിനിടെയാണ് വീണ്ടും സുരക്ഷാ സഹായം നൽകാനുള്ള യുഎസ് തീരുമാനം.
തായ്വാന് സഹായം നൽകുന്നതിനുള്ള കമ്മറ്റിയെ നയിക്കുന്നത് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടി അംഗമായ സെനറ്റർ ബോബ് മെനെൻഡസ് ആണ്. ചൈനയുമായി യുദ്ധത്തിനോ സംഘർഷങ്ങൾ വർദ്ധിപ്പിക്കാനോ തങ്ങൾ ശ്രമിക്കുന്നില്ല, എന്നാൽ ചൈനയുടെ കടന്നു കയറ്റങ്ങൾ നിരീക്ഷിക്കാൻ വ്യക്തമായ കണ്ണുകൾ ആവശ്യമാണെന്ന് സെനറ്റർ ബോബ് പറഞ്ഞു. തായ്വാൻ നേരിടുന്ന ഭീഷണികളെ ശ്രദ്ധയോടെ വീക്ഷിക്കുകയും തന്ത്രപരമായി അതിൽ ഇടപെടുകയും ചെയ്യും. ചൈനയ്ക്ക് ദ്വീപ് പിടിച്ചെടുക്കാൻ കഴിയാത്ത വിധം സുരക്ഷാം സംവിധാനങ്ങൾ തങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പറയുന്നു.
Comments