രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോഴും, കുനിഞ്ഞ് നിവരുമ്പോഴും, ടിവി കണ്ട് കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോഴുമെല്ലാം പലർക്കും തല ചുറ്റൽ അനുഭവപ്പെടാറുണ്ട്. പ്രായമായവരിൽ ആകും ഈ അവസ്ഥ കൂടുതൽ അനുഭവപ്പെടുക. സെക്കന്റുകൾ മാത്രം നീളുന്ന ഈ തലകറക്കം ഭൂരിഭാഗം പേരും അവഗണിക്കാറുണ്ട്. എന്നാൽ അത്ര ഗുരുതരമൊന്നുമല്ലെങ്കിലും ശ്രദ്ധവേണ്ട ഒരു രോഗാവസ്ഥയാണ് ഇത്.
ഇടയ്‌ക്കിടയ്‌ക്ക് ഇങ്ങനെ തല ചുറ്റുന്നത് ‘വെർട്ടിഗോ’ എന്ന അസുഖം മൂലമാണ്. ചെവിയ്‌ക്കുള്ളിൽ ഉണ്ടായേക്കാവുന്ന പ്രശ്‌നമാണ് വെർട്ടിഗോ. കർണത്തിലോ, കർണത്തിൽ നിന്ന് തലച്ചോറിലേക്കുള്ള ഞരമ്പുകളിലോ തകരാർ സംഭവിക്കുന്നത് വഴി ശരീരത്തിന്റെ ബാലൻസ് നഷ്ടമാകുന്നു. ഈ അവസ്ഥയെയാണ് വെർട്ടിഗോ എന്ന് പറയുന്നത്. ഉറക്കം എഴുന്നേൽക്കുമ്പോൾ തല ചുറ്റുക, ദീർഘനേരം നിൽക്കുമ്പോൾ തലയ്‌ക്കുള്ളിൽ അസ്വസ്ഥത അനുഭവപ്പെടുക, കണ്ണിൽ ഇരുട്ട് നിറയുന്നത് പോലെ തോന്നുക, തലകറക്കത്തോടൊപ്പം ഛർദ്ദിയും മനംപിരട്ടലും അനുഭവപ്പെടുക, ശരീരം ഒരു വശത്തേക്ക് ചെരിയുക, തലയ്‌ക്കുള്ളിൽ മന്ദത അനുഭവപ്പെടുക എന്നിവയാണ് വെർട്ടിഗോയുടെ ലക്ഷണങ്ങൾ.
അത്ര ഗുരുതരമായ അസുഖം അല്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പല അപകടങ്ങൾക്കും വെർട്ടിഗോ കാരണം ആയേക്കാം. പ്രായമായവരിൽ വെർട്ടിഗോ വീഴ്ചയ്‌ക്കും മറ്റും കാരണമാകുന്നു. നമ്മുടെ ദൈനംദിന ജീവിതത്തെയും തൊഴിലിനെയും ഇത് ബാധിക്കും. മസ്തിഷ്‌കാഘാതം, തലച്ചോറിൽ മുഴ തുടങ്ങിയ ഗുരുതര രോഗങ്ങൾക്കും ഇത് വഴിവെച്ചേക്കാം എന്നാണ് പറയപ്പെടുന്നത്.
നന്നായി ശ്രദ്ധിച്ചാൽ മുകളിൽ പറഞ്ഞ അവസ്ഥകൾ തരണം ചെയ്യാം. വെർട്ടിഗോ ഉള്ളവർ എഴുന്നേൽക്കുമ്പോൾ അൽപ്പനേരം ഇരുന്നതിന് ശേഷം മാത്രം നടക്കുക. നിലത്തു നിന്നും സാധനങ്ങൾ കുനിഞ്ഞ് എടുക്കുന്നത് ഒഴിവാക്കുക. നന്നായി വെള്ളം കുടിച്ച് ശരീരത്തിൽ ജലാംശം കുറയാതെ നോക്കുന്നതും ഈ രോഗത്തിനുള്ള പ്രതിവിധിയാണ്. പ്രശ്‌നം ഗുരുതരമാണെങ്കിൽ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കേണ്ടതാണ്.
Comments