പട്‌ന : ബീഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെയും പിണക്കാതെ നടത്തിയ ഉദ്ഘാടന ചടങ്ങിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. ഭോജ്പൂർ ജില്ലയിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ നേതാക്കളെ പിണക്കാതെയാണ് പരിപാടി നടത്തിയത്. ഉദ്ഘാടനത്തിനായി റിബൺ മുറിക്കുന്ന ചടങ്ങിൽ നിതീഷ് കുമാറിനും തേജസ്വി യാദവിനും വെവ്വേറെ റിബണുകൾ ഒരുക്കിയിരുന്നു. ഇരുവർക്കുമായി രണ്ട് കത്രികയുമുണ്ടായി. തുടർന്ന് രണ്ട് പേരും ഒന്നിച്ച് നിന്നാണ് ഉദ്ഘാടനം ചെയ്തത്.
ബീഹാറിൽ നേതാക്കളുടെ ”ഒത്തൊരുമ” കാണിക്കുന്ന ചിത്രം വൈറലായതോടെ പരിഹാസവുമായി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. ‘ഇത്തരമൊരു ഉദ്ഘാടനം ആരും കണ്ടിട്ടുണ്ടാകില്ലെന്ന് മുൻ ജനതാദൾ യുണൈറ്റഡ് വക്താവ് അജയ് അലോക് പറഞ്ഞു. രണ്ട് റിബണുകളും രണ്ട് കത്രികയും… തേജസ്വിയുടെ റിബണിനു താഴെ മുഖ്യമന്ത്രിയുടെ റിബണും.” എന്ന് അദ്ദേഹം പരിഹസിച്ചുകൊണ്ട് ട്വിറ്ററിൽ കുറിച്ചു.
നീതിഷിനെയും തേജസ്വിയെയും പരിഹസിച്ചുകൊണ്ട് ബിജെപി വക്താവ് നിഖിൽ ആനന്ദും രംഗത്തെത്തി. ‘രാജ്യത്തിന്റെ ചരിത്രത്തിൽ, ആർജെഡിക്കും ജനതാദൾ യുണൈറ്റഡിനും പ്രിയപ്പെട്ട മുഗൾ കാലഘട്ടത്തിൽ പോലും ഒരു ഉദ്ഘാടനത്തിന് രണ്ട് റിബണുകൾ ഉപയോഗിച്ചിട്ടില്ല. എന്നാൽ മഹാഗഡ്ബന്ധൻ സർക്കാരിൽ, ഉദ്ഘാടനത്തിന് രണ്ട് റിബൺ മുറിക്കുന്നു. മുകൾഭാഗം ഉപമുഖ്യമന്ത്രിയ്‌ക്കും താഴത്തെ ഭാഗം മുഖ്യമന്ത്രിക്കുമാണ്’ നിഖിൽ ആനന്ദ് ട്വീറ്റ് ചെയ്തു.
Comments