നടത്തം ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ ആർക്കും രണ്ടഭിപ്രായം ഉണ്ടാകാൻ ഇടയില്ല. ആരോഗ്യം നിലനിർത്താനും കൊളസ്ട്രോൾ നിയന്ത്രിക്കാനുമൊക്കെ നടത്തം നല്ലതാണ് എന്ന് ഡോക്ടർമാരും ഉപദേശിക്കുന്നു. എന്നാൽ, പ്രതിദിനം പതിനായിരം ചുവട് വരെ നടക്കുന്നത് ചില രോഗങ്ങളെ പ്രതിരോധിക്കാൻ ഉപകരിക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ പറയുന്നത്.
പ്രതിദിനം ശരാശരി പതിനായിരം ചുവട് നടന്നാൽ, ഓർമ്മക്കുറവ്, ഹൃദ്രോഗം, അർബുദം, പൊണ്ണത്തടി എന്നിവയിൽ നിന്നും രക്ഷ നേടാമെന്നാണ് ഓസ്ട്രേലിയയിലെ സിഡ്നി സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ശാസ്ത്രീയമായി നടത്തിയ പരിശോധനയിലാണ് ഗവേഷകർ ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
നടത്തത്തിന്റെ നേട്ടങ്ങളെ കുറിച്ച് നടന്ന ഏറ്റവും ആധികാരികമായ പഠനം എന്നാണ് ഗവേഷകർ തങ്ങളുടെ റിപ്പോർട്ടിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 40 വയസ്സ് മുതൽ 79 വയസ്സ് വരെ പ്രായമുള്ള 78,500 പേരിൽ നടത്തിയ പഠനത്തിന്റെ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.
പതിനായിരം ചുവടുകൾ എന്നത് ഒരു ഏകദേശ കണക്കാണ്. അത് ഒൻപതിനായിരമോ പതിനോരായിരമോ ആയാലും പ്രശ്നമില്ല. നടത്തം ആരോഗ്യത്തിന് നല്ലതാണ് എന്ന പൊതുധാരണയ്ക്ക് ശാസ്ത്രീയ അടിത്തറ ലഭ്യമായതോടെ, ഇനി മടിപിടിച്ചിരിക്കാതെ ധൈര്യപൂർവ്വം ഇറങ്ങി നടക്കാനാണ് ഗവേഷകർ നമ്മോട് പറയുന്നത്.















