പേവിഷബാധ നായകളിൽ നിന്ന് മാത്രമാണോ ഏൽക്കുന്നത് എന്നത് പലരുടേയും സംശയമാണ്. എന്നാൽ നായകൾ മാത്രമല്ല പല മൃഗങ്ങളും പക്ഷികളും വൈറസ് വാഹകരാണ്. അതുകൊണ്ട് വീട്ടിൽ വളർത്തുന്നത് ഉൾപ്പെടെ എല്ലാ മൃഗങ്ങളിൽ നിന്നും മുൻകരുതൽ എടുക്കേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നായ്‌ക്കൾക്ക് പുറമെ പൂച്ച, കുറുക്കൻ, കുരങ്ങ്, കന്നുകാലികൾ, വവ്വാൽ തുടങ്ങിയവയെല്ലാം വൈറസ് വാഹകരാകാം. ഇവരിൽ നിന്നെല്ലാം മനുഷ്യരിലേക്ക് വൈറസ് പകരുകയും ചെയ്യും.
സസ്തനികളാണ് കൂടുതലും വൈറസ് പടർത്തുന്നത്. വീട്ടിൽ വളർത്തുന്ന പക്ഷികളിൽ ഉൾപ്പെടെ വൈറസ് സാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽ നിന്ന് ചെറിയ പരിക്കേറ്റാൽ പോലും ചികിത്സ തേടേണ്ടത് നിർബന്ധമാണ്. വീട്ടിൽ വളർത്തുന്ന മൃഗങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ഡോക്ടറെ വിവരം അറിയിക്കുകയും, വൈദ്യസഹായം ഉറപ്പാക്കുകയും വേണം.
വനത്തിനുള്ളിൽ കഴിയുന്ന മൃഗങ്ങളിലും വൈറസ് ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ അവയിൽ നിന്ന് പരിക്കേറ്റാലും അടിയന്തിര വൈദ്യസഹായം ഉറപ്പാക്കണം. ഏതെങ്കിലും മൃഗങ്ങളിൽ നിന്ന് മുറിവേറ്റാൽ ആദ്യം ചെയ്യേണ്ടത് 15 മിനിട്ടോളം നേരം മുറിവുള്ള ഭാഗം സോപ്പിട്ട് കഴുകുക എന്നതാണ്. പേവിഷബാധയ്‌ക്കുള്ള സാധ്യത 80 ശതമാനത്തോളം ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്. വൈറസിന്റെ പുറംപാളിയെ നശിപ്പിക്കാൻ ഇതുവഴി സാധിക്കും. കടിയേറ്റ മുറിവിൽ കുഴമ്പുകളോ മറ്റ് മരുന്നുകളോ പുരട്ടാതിരിക്കുക. ഉടൻ തന്നെ ഈ വ്യക്തിയെ ആശുപത്രിയിൽ എത്തിക്കുകയും വേണം.
മുറിവിന്റെ സ്വഭാവം, തലച്ചോറിൽ നിന്നുള്ള മുറിവിന്റെ അകലം എന്നീ കാര്യങ്ങൾ പരിശോധിച്ചാണ് ഡോക്ടർമാർ വാക്‌സിനേഷന്റെ രീതി നിശ്ചയിക്കുന്നത്. കടിയേറ്റ ഉടനേയും മൂന്നാം ദിവസവും ഏഴാം ദിവസവും ഇരുപത്തിയെട്ടാം ദിവസവും വാക്‌സിനെടുക്കണം. മുറിവിന്റെ സ്വഭാവമനുസരിച്ചാണ് പേവിഷബാധയ്‌ക്കെതിരായ ഇഞ്ചക്ഷൻ നൽകുന്നത്.
Comments