മംഗളൂരു: ഏഴു പതിറ്റാണ്ടിന് ശേഷം ഇന്ത്യൻ മണ്ണിലെത്തിയ ചീറ്റ പുലികൾ വളരെ വേഗത്തിലാണ് ഇവിടവുമായി ഇണങ്ങുന്നതും ജനമനസുകളിൽ ഇടം പിടിക്കുന്നതും. ആക്ഷൻ പ്ലാൻ ഓഫ് ഇൻട്രൊഡക്ഷൻ ഓഫ് ചീറ്റ എന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ചീറ്റകളെത്തിയത്.
ചീറ്റ പുലികളെ ഇന്ത്യയിലെത്തിച്ച ദൗത്യസംഘത്തിൽ നിർണ്ണായക സ്ഥാനം വഹിച്ചയാളാണ് ദക്ഷിണ കന്നഡ പുത്തൂർ സ്വദേശി ഡോ. സനത് കൃഷ്ണ മുളിയ. വന്യജീവി അനസ്‌തേഷ്യ വിദഗ്ധനായ സനത് കൃഷ്ണയാണ് 16 മണിക്കൂർ വിമാന യാത്രയ്‌ക്ക് നമീബിയയിൽ നിന്നുള്ള ചീറ്റകളെ ഒരുക്കിയത്.
ഡൽഹിയിലെ നാഷണൽ സുവോളജി പാർക്കിലെ അസിസ്റ്റന്റ് വെറ്റിനറി ഓഫീസറും അനസ്‌തേഷ്യ വിദഗ്ധനുമാണ് സനത്. ചെറിയ അളവിൽ അനസ്‌തേഷ്യ നൽകി ചീറ്റകളെ യാത്രയ്‌ക്കായി മയക്കുകയായിരുന്നു. യാത്രയുടനീളം ഓരോ മണിക്കൂർ ഇടവിട്ടും സനത് ചീറ്റകളുടെ ആരോഗ്യസ്ഥിതി പരിശോധിച്ചു കൊണ്ടിരിന്നു.ആനകളുടെയും കടുവകളുടെയും ആവാസസ്ഥിതി പഠിക്കാനും എണ്ണമെടുക്കാനുമായി ജീവികളിൽ റേഡിയോ കോളർ ഘടിപ്പിക്കാൻ വിദഗ്ധനാണ് ഡോ. സനത്.ദേശീയ കടുവ സെൻസസിന്റെ ഭാഗമായി കർണാടകയിൽ നടന്ന കടുവകളുടെ കണക്കെടുപ്പിലും സനതിന്റെ കയ്യൊപ്പുണ്ടായിരുന്നു.
ചീറ്റകളുടെ സുരക്ഷയ്‌ക്കും നിരീക്ഷണത്തിനുമായി രണ്ട് ആനകളെയും നാഷണൽ പാർക്കിൽ നിയോഗിച്ചിട്ടുണ്ട്. ലക്ഷ്മി,സിദ്ധരാമയ്യ എന്നീ ആനകളെയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്‌ലത്.
Comments