തിരുവനന്തപുരം: ദേശീയ ടീമിൽ സ്ഥാനം വാഗ്ദാനം ചെയ്ത് ഹാൻഡ്ബോൾ താരത്തിനെതിരെ ലൈംഗികാതിക്രമ ശ്രമം. മത്സരത്തിൽ പങ്കെടുക്കുന്നതിനായി കൊച്ചിയിൽ പോയപ്പോൾ ഹോട്ടലിൽ വെച്ചായിരുന്നു അതിക്രമമെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിന്നും അടുത്തയിടെ വിരമിച്ച പരിശീലകനെതിരെയാണ് പരാതി.
സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ച പരിശീലകൻ പിറ്റേ ദിവസത്തെ മത്സരത്തിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചതിന് ശേഷം, കറന്റ് പോയപ്പോൾ കയറി പിടിച്ചു. ആരോടും പറയാതിരുന്നാൽ ദേശീയ ടീമിൽ സ്ഥാനം വാങ്ങി തരാമെന്ന് പറഞ്ഞു. എന്നാൽ കൈ തട്ടിമാറ്റി പുറത്തേക്ക് പോവുകയായിരുന്നു എന്ന് പെൺകുട്ടി പറയുന്നു.
സംഭവത്തിന് ശേഷം പതറിപ്പോയ പെൺകുട്ടിയെ പിന്നീട് മാനസികമായും പീഡിപ്പിച്ചു. ഇതിന്റെ ആഘാതത്തിൽ നിന്നും മുക്തയായ ശേഷം സ്പോർട്സ് കൗൺസിലിലും പോലീസിലും പരാതി നൽകി. ഇപ്പോഴും ഭീഷണി തുടരുന്നതായും പെൺകുട്ടി പറയുന്നു. എന്നാൽ പരിശീലകൻ ആരോപണം നിഷേധിക്കുകയാണ്.
Comments