2023ലെ ഓസ്‌കാറിനുളള മികച്ച അന്താരാഷ്‌ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രി നേടി ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷിൽ ‘അവസാനത്തെ ഫിലിം ഷോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഗുജറാത്തി ആണ്. ഒക്ടോബർ 14ന് രാജ്യവ്യാപകമായി റിലീസിന് തയ്യാറെടുക്കുകയാണ് ‘ചെല്ലോ ഷോ’. ഓസ്‌കാർ അവാർഡ് മാർച്ച് 12ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ സമ്മാനിക്കും.
സിദ്ധാർത്ഥ് റോയ് കപൂറിന്റെ ബാനറിൽ റോയ് കപൂർ ഫിലിംസ് ആണ് അവതരിപ്പിക്കുന്നത്. ജുഗാദ് മോഷൻ പിക്ചേഴ്സ്, മൺസൂൺ ഫിലിംസ്, ചെല്ലോ ഷോ എൽഎൽപി, മാർക്ക് ഡ്യുവൽ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കഴിഞ്ഞ വർഷം ജൂണിൽ നടന്ന ട്രൈബെക്ക ഫിലിം ഫെസ്റ്റിവലിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ചിരുന്നു. പാൻ നളിൻ സംവിധാനം ചെയ്ത ഈ ചിത്രം, ചെറുപ്പത്തിൽ തന്നെ സിനിമയുമായി പ്രണയത്തിലായ സംവിധായകന്റെ സ്വന്തം ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയതാണ്.
സൗരാഷ്‌ട്രയിലെ ഒരു വിദൂര ഗ്രാമീണമേഖലയിലാണ് കഥ നടക്കുന്നത്. ഒമ്പത് വയസ്സുകാരനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. ഈ ബാലൻ ഒരു വേനൽക്കാലത്ത് തീയ്യറ്ററിലെ പ്രൊജക്ഷൻ ബൂത്തിൽ നിന്ന് സിനിമകൾ കാണുകയും ചലച്ചിത്രവുമായി ആജീവനാന്ത പ്രണയം ആരംഭിക്കുകയും ചെയ്യുന്നതാണ് കഥ. ഭവിൻ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെൻ റാവൽ, പരേഷ് മേത്ത തുടങ്ങിയരാണ് അഭിനേതാക്കൾ. ഈ ചിത്രം സ്‌പെയിനിൽ നടന്ന 66-ാമത് വല്ലാഡോലിഡ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ സ്‌പൈക്ക് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.















