ബാരാമതി: എൻ.സി.പി(ശരത് പവാർ) എംഎൽഎ രോഹിത് പവാറിന്റെ പേഴ്സണൽ അസിസ്റ്റന്റിന്റെ 12കാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്‌ട്ര ബാരാമതിയിലെ വീടിന് സമീപത്താണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രോഹിത് പവാറിന്റെ സഹായി അജിത് ദശാവതാരെയുടെ മകളാണ് മരിച്ചത്. ശനിയാഴ്ച അമ്മയുമായി ചെറിയ തർക്കമുണ്ടായതിന് പിന്നാലെ പെൺകുട്ടി ദേഷ്യപ്പെട്ട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായി പോലീസ് പറഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച രാവിലെ വീടിന് സമീപം മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ബാരാമതി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.
സംഭവത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ വിവിധ വശങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.















