ഹർത്താലിന്റെ പേരിൽ വ്യാപക അക്രമം നടത്തുന്ന സാഹചര്യത്തിൽ ഇതിനെ പ്രതിരോധിക്കാൻ വിദ്യകളുമായി എത്തിയിരിക്കുകയാണ് കെഎസ്ആർടിസി ഡ്രൈവർമാർ. കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിക്കുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡ്രൈവിംഗ് സീറ്റിലിരുന്ന് ഹെൽമെറ്റ് വെച്ചാണ് അദ്ദേഹം ബസ് ഓടിക്കുന്നത്.
ആലുവ ഡിപ്പോയിലെ ഡ്രൈവറാണ് ഇത്. കല്ലേറിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് ഹെൽമെറ്റ് വെച്ച് യാത്ര ചെയ്യുന്നത്. ചെങ്ങന്നൂരിൽ നിന്നുള്ള ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഈ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. ഡ്യൂട്ടി നടത്തുന്നതോടൊപ്പം സ്വന്തം ജീവന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് ഡ്രൈവർമാർ ഹെൽമെറ്റ് വെച്ചത്.
രാവിലെ മുതൽ കെഎസ്ആർടിസി ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ പോപ്പുലർ ഫ്രണ്ടുകാർ അക്രമം ആരംഭിക്കുകയും ബസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തതോടെ ആളുകൾ ഭീതിയിലാണ്. നിരവധി കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു. ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേൽക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ നിർദ്ദേശം ലഭിച്ച ശേഷം മാത്രം കെഎസ്ആർടിസി സർവ്വീസ് നടത്തിയാൽ മതിയെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പിഎഫ്ഐ ശക്തികേന്ദ്രങ്ങളായ ആലുവ, മാറമ്പിള്ളി, പെരുമ്പാവൂർ ഭാഗങ്ങളിൽ കല്ലേറ് ഉണ്ടായി.
Comments