തിരുവനന്തപുരം : കാര്യവട്ടത്ത് നടക്കുന്ന ട്വന്റി-20 മത്സരത്തിനായി ഇന്ത്യൻ ടീം ഇന്ന് കേരളത്തിൽ എത്തും. വൈകിട്ട് 4.30 ഓടെയാണ് സംഘം തിരുവനന്തപുരത്ത് എത്തുക. എതിർ ടീമായ ദക്ഷിണാഫ്രിക്കൻ സംഘം ഇന്നലെ തലസ്ഥാനത്ത് എത്തിയിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടെ സംഘം പരിശീലനത്തിന് ഗ്രൗണ്ടിൽ ഇറങ്ങും.
ഇന്ത്യൻ ടീം കൂടെ എത്തുന്നതോടെ കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ ആവേശം ഇരട്ടിക്കുകയാണ്. അവേശത്തിന് തിരി കൊളുത്തിയാണ് ദക്ഷിണാഫ്രിക്കൻ സംഘം ഇന്നലെ എത്തിയത്. മൂന്ന് വർഷം മുമ്പാണ് കേരളത്തിൽ രാജ്യാന്തര ക്രിക്കറ്റ് മത്സരം നടന്നത്. അതിനാൽ തന്നെ ഇത്തവണത്തെ മത്സരം കേരളക്കരയിലെ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാൻ പോകുന്ന നാലാമത്തെ രാജ്യാന്തര മത്സരമാണ് ഇത്. മൂന്ന് മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് ഇന്ത്യ തോൽവി അറിഞ്ഞത്.
മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന പൊടിപൊടിക്കുകയാണ് . 73 ശതമാനം ടിക്കറ്റുകളും വിറ്റുകഴിഞ്ഞു. 1400 അപ്പർ ടിയർ ടിക്കറ്റുൾപ്പെടെ 5200 ടിക്കറ്റുകളാണ് ഇനി ബാക്കിയുള്ളത്. അപ്പർ ടിയർ ടിക്കറ്റ് നിരക്ക് 1500 രൂപയും പവലിയന് 2750 രൂപയുമാണ്. കുടാതെ കെസിഎ ഗ്രാൻഡ് സ്റ്റാൻഡിന് ഭക്ഷണമടക്കം 6000 രൂപയാണ് നിരക്കായി വരുന്നത്. ഒരു മെയിൽ ഐഡിയിൽ നിന്നും ഒരാൾക്ക് മൂന്ന് ടിക്കറ്റുവരെ എടുക്കാൻ സാധിക്കും. ടിക്കറ്റിനൊപ്പം ഫോട്ടോ ഐഡി കൂടി കാണിച്ചതിന് ശേഷമെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിക്കുകയുളളു.
Comments