ന്യൂഡൽഹി: രാജ്യത്ത് മതഭീകര സംഘടനയായ പോപ്പുലർഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ ദ്രുതഗതിയിലാക്കി കേന്ദ്രസർക്കാർ. നിയമവിരുദ്ധ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം (യുഎപിഎ) സംഘടനയെ നിരോധിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആലോചന. പോപ്പുലർഫ്രണ്ടിനെ കൂടി നിരോധിച്ചാൽ രാജ്യത്ത് നിരോധിത സംഘടനകളുടെ എണ്ണം 43 ആകും.
യുഎപിഎ നിയമത്തിലെ 35ാം വകുപ്പ് പ്രകാരമാണ് സംഘടനയെ നിരോധിക്കാനുള്ള നടപടികൾ മുന്നോട്ട് നീക്കുന്നത് എന്നാണ് സൂചന. ഇതിനായുള്ള നടപടിക്രമങ്ങൾ ഏകദേശം പൂർത്തിയായെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഈ മാസം 22ന് 15 സംസ്ഥാനങ്ങളിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ നിർണായക വിവരങ്ങൾ എൻഐഎയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഭീകര സംഘടനയായി കണക്കാക്കി പോപ്പുലർഫ്രണ്ടിനെ നിരോധിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കിയതെന്നാണ് വിവരം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇതുവരെ 106 പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. നിരവധി രേഖകളും, ലഘുലേഖകളും പിടിച്ചെടുത്തിരുന്നു. ഇവയെല്ലാം എൻഐഎ വിശദ പരിശോധനയ്‌ക്ക് വിധേയമാക്കി. ഇതിന് പുറമേ അറസ്റ്റിലായവർ നൽകിയ മൊഴിയും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോപ്പുലർഫ്രണ്ടിന് ഇസ്ലാമിക ഭീകര സംഘടനകളായ അൽ ഖ്വായ്ദ, ജെയ് ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വായ്ബ, ഇസ്ലാമിക് സ്റ്റേറ്റ് എന്നിവയുമായി ബന്ധമുണ്ടെന്ന് ആണ് തെളിവുകളിൽ നിന്നും മൊഴികളിൽ നിന്നും വ്യക്തമാകുന്നത്.
Comments