തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധവുമായി എബിവിപി. പ്രവർത്തകർ സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വെെകീട്ടോടെയായിരുന്നു പ്രതിഷേധ പ്രകടനം.
അഹമ്മദ് ദേവർകോവിലിന്റെ പാർട്ടിയായ ഐഎൻഎല്ലിന് പോപ്പുലർ ഫ്രണ്ടിന്റെ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ളതായാണ് കണ്ടെത്തൽ. ഇതേ തുടർന്നാണ് ഭീകര സംഘടനയുമായി ബന്ധമുള്ള മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യവുമായി എബിവിപി രംഗത്ത് എത്തിയത്. ഐഎൻഎൽ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ റിഹാബ് ഫൗണ്ടേഷൻ ട്രസ്റ്റിയാണ്. മന്ത്രിയുടെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി, യുവമോർച്ച പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. കൊല്ലത്ത് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അഹമ്മദ് ദേവർകോവിന്റെ വീട്ടിലേക്ക് യുവമോർച്ച പ്രവർത്തകരും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മന്ത്രിയുടെ കോലം കത്തിച്ചായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം.
Comments