മലയാളികളുടെ ഫയർബ്രാൻഡുകളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. ഇരുവരും നായകരായി എത്തുന്നത് ജോഷിയുടെ സിനിമകളിൽ ആണെങ്കിൽ തിയറ്ററുകൾ ആരാധകരുടെ ആർപ്പുവിളികൾ കൊണ്ട് ഇളകി മറിയും. മമ്മൂട്ടിയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡൽഹി. സിനിമയിൽ സുരേഷ് ഗോപിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അതിനുശേഷം നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിച്ചത്. ഇപ്പോൾ ജോഷിയുടെ മകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ താരപുത്രന്മാരും ഒരുമിച്ച് അഭിനയിക്കാൻ ഒരുങ്ങുകയാണ്. ദുൽഖർ സൽമാനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ എന്ന ബിഗ്ബജറ്റ് ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാന വേഷത്തിലെത്തുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ‘കിങ് ഓഫ് കൊത്ത’ ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. ഒരു പിരീഡ് ആക്ഷൻ ത്രില്ലറായിരിക്കും ‘കിങ് ഓഫ് കൊത്ത’. പൊറിഞ്ചു മറിയം ജോസിന്റെ തിരക്കഥ എഴുതിയ അഭിലാഷ് എൻ ചന്ദ്രനാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയും നൈല ഉഷയും ചിത്രത്തിലുണ്ട് എന്നും റിപ്പോർട്ടുകൾ വരുന്നു. നടി ശാന്തി കൃഷ്ണയും ഒരു പ്രധാന കഥാപാത്രമായി കിങ് ഓഫ് കൊത്തയിൽ എത്തും. ദുൽഖറിന്റെ തന്നെ നിർമ്മാണ കമ്പനിയായ വേഫെയർ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം, തെലുങ്കിൽ ‘സീതാ രാമ’വും ഹിന്ദിയിൽ ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റും’ നൽകിയ വിജയത്തിളക്കത്തിലാണ് ദുൽഖർ സൽമാൻ.
രശ്മിക മന്ദാനയും മൃണാൾ താക്കൂറും ദുൽഖറിന്റെ നായികമാരായി എത്തിയ സീതാ രാമം റിലീസ് ദിനം മുതൽ ബോക്സ് ഓഫിസിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പതിനഞ്ച് ദിവസം കൊണ്ട് 65 കോടിയാണ് ചിത്രം നേടിയത്. ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുൽഖർ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. ആർ ബൽകിയുടെ സംവിധാനത്തിലുള്ള ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനും ദുൽഖറിനെ അഭിനന്ദിക്കുകയാണ് സിനിമാ ലോകം.
Comments