ന്യൂഡൽഹി: രാജ്യം 5ജിയിലേക്ക്. ഇന്ത്യയിലെ 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിർവഹിക്കും. ഡൽഹിയിലെ പ്രഗതി മൈതാനിയിൽ നടക്കുന്ന ഇന്ത്യൻ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പിലാണ് 5ജി ഉദ്ഘാടനം നിർവഹിക്കുന്നത്.
5ജി വഴി ഉപയോക്താക്കൾക്ക് തടസ്സമില്ലാത്ത കവറേജും മികച്ച ആശയവിനിമയ സംവിധാനങ്ങളും നൽകും. 5ജി സേവനങ്ങൾ ഘട്ടം ഘട്ടമായാകും നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 13 നഗരങ്ങളിലാകും 5ജി ഇന്റർനെറ്റ് സേവനങ്ങൾ നടപ്പാക്കുന്നത്. 4 ജിയെക്കാൾ 100 മടങ്ങ് വേഗതയാകും 5 ജിക്ക് ഉണ്ടാകുക. അതിനാൽ ബഫറിംഗ് ഇല്ലാതെ വീഡിയോകൾ കാണാനും വേഗത്തിൽ കണ്ടന്റുകൾ ഡൗൺലോഡ് ചെയ്യാനും സാധിക്കും.
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലക്നൗ, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തിൽ 5ജി എത്തുക. ഈ നഗരങ്ങളിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ മാത്രമായിരിക്കും ആദ്യം 5ജി സേവനം നൽകുകയെന്ന് വിവിധ ടെലികോം കമ്പനികൾ വ്യക്തമാക്കി. എയർടെല്ലും റിയലൻസ് ജിയോയും ഈ വർഷം തന്നെ 5ജി യാഥാർത്ഥ്യമാക്കുമെന്ന് അറിയിച്ചു.
5ജി സേവനങ്ങൾ ലഭിക്കാൻ 5ജി അധിഷ്ഠിത സ്മാർട്ട് ഫോൺ ആവശ്യമാണ്. ഇന്ത്യയിൽ ഉപയോഗിക്കുന്ന 9.7 ശതമാനം സ്മാർട്ട്ഫോണുകളും 5 ജി ശേഷി ഉള്ളവയാണ് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 4 ജി സിമ്മിന് 5ജി ഫോണുകളിൽ പ്രവർത്തിക്കാൻ കഴിയും. എന്നാൽ പൂർണ്ണമായി 5ജി ഇന്റർനെറ്റ് വേഗത ലഭിക്കണമെന്നില്ല. പൂർണ്ണമായി 5ജി സേവനങ്ങൾ ലഭിക്കാൻ 5ജി സിം 5ജി ഫോണിൽ തന്നെ ഉപയോഗിക്കണമെന്ന് വിവിധ ടെലികോം കമ്പനികൾ സൂചിപ്പിച്ചു.
Comments