ഡെറാഡൂൺ: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാനുള്ള നടപടികൾ വേഗത്തിലാക്കി ഉത്തരാഖണ്ഡ് സർക്കാർ. നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച കമ്മിറ്റി ജനങ്ങളിൽ നിന്നും അഭിപ്രായ ശേഖരണം തുടങ്ങി. മുൻ ജസ്റ്റിസ് രജ്ഞ്നാ ദേശായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെയാണ് അഭിപ്രായ ശേഖരണത്തിനായി നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച് ജനങ്ങളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് അഭിപ്രായങ്ങൾ ആരായുന്നത്. സംസ്ഥാനത്തിന്റെ അതിർത്തി മേഖലകളിലായിരിക്കും കമ്മിറ്റി ആദ്യം എത്തുക. ഇവിടങ്ങളിലെ സാധാരണക്കാരിൽ നിന്നും അഭിപ്രായ ശേഖരണം നടത്തുന്ന കമ്മിറ്റി സാമൂഹിക സംഘടനാ പ്രവർത്തകർ, അധികൃതർ, മാദ്ധ്യമപ്രവർത്തകർ എന്നിവരെയും കാണും. നിലവിൽ ചമോലി ജില്ലയിലെ ആളുകളുമായാണ് കമ്മിറ്റി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്നത് എന്നാണ് വിവരം.
ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി നേരത്തെ ആളുകളിൽ നിന്നും നിർദ്ദേശങ്ങൾ ആരാഞ്ഞിരുന്നു. ഇതിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇതേ തുടർന്നാണ് കമ്മിറ്റി നേരിട്ട് അഭിപ്രായ ശേഖരണം ആരംഭിച്ചത്. അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ബിജെപി സർക്കാരിന്റെ വാഗ്ദാനം.
Comments