തിരുവനന്തപുരം: കോവളത്ത് ലൈറ്റ് ഹൗസിന്റെ കൈവരി തകർന്ന് അപകടം. സംഭവത്തിൽ നാല് വിനോദ സഞ്ചാരികൾക്ക് പരിക്കേറ്റു. നാല് പേരും സ്ത്രീകളാണ്. ഇവർ വയനാട് സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. ഹസീന, ഐഷ, ആസിയ എന്നിവർക്ക് തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ഇവർ നിലവിൽ മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാലാമത്തെ സ്ത്രീയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അപകട സമയത്ത് ഇവർ ലൈറ്റ് ഹൗസിന്റെ കൈവരിയിൽ ഇരിക്കുകയായിരുന്നു. പെട്ടെന്ന് കൈവരി ഒടിഞ്ഞുവീണു. താഴെയുള്ള കരിങ്കൽ പാകിയ സ്ഥലത്തേക്കാണ് ഇവർ വീണത്. ഇന്ന് രാവിലെയായിരുന്നു ലൈറ്റ് ഹൗസ് ബീച്ചിൽ അപകടം സംഭവിച്ചത്. ഉടൻ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Comments