മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ ഒരുക്കിയ റോഷാക്കിന് തിയറ്ററുകളിൽ ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. മലയാളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ആഖ്യാനശൈലിയാണ് റോഷാക്കിനെ വ്യത്യസ്തമാക്കുന്നതെന്ന് സിനിമാ പ്രേമികൾ പറയുന്നു. സൈക്കളോജിക്കൽ റിവഞ്ച് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ ലൂക് ആന്റണി എന്ന ബിസിനസ്സ്മാൻ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്. റോഷാക്കിലെ ഓരോ രംഗങ്ങളും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. നടി ബിന്ദു പണിക്കരും മമ്മൂട്ടിക്കൊപ്പം ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെയ്ക്കുന്നു. സിനിമ കണ്ട് ആസ്വദിക്കാൻ വേഗം ടിക്കറ്റ് ബുക്ക് ചെയ്തോളൂ എന്നാണ് നടൻ ദുൽഖർ പറയുന്നത്.
‘റോഷാക്കിനെ കുറിച്ച് ഗംഭീര അഭിപ്രായങ്ങൾ കേൾക്കുന്നു. എല്ലാവരെയും സീറ്റിൽ തന്നെ പിടിച്ചിരുത്തുമെന്ന് ഉറപ്പുള്ള അതുല്യമായ പ്രതികാര ത്രില്ലർ. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക’ എന്നാണ് ദുൽഖർ സൽമാൻ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. തന്റെ ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വ്യത്യസ്ത അനുഭവമാണ് റോഷാക്കിലൂടെ പ്രേക്ഷകർക്ക് സംവിധായകൻ നൽകുന്നത്.
അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സമീർ അബ്ദുൾ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്. ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ എന്നിവരാണ് മറ്റ് താരങ്ങൾ. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം നിർവഹിക്കുന്നത് മിഥുൻ മുകുന്ദൻ ആണ്. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
Comments