അമരാവതി: ആന്ധ്രാപ്രദേശിൽ പോലീസ് സ്റ്റേഷനുള്ളിൽ സ്ഫോടനം. ചിറ്റൂർ ജില്ലയിലെ ഗംഗാധര നെല്ലൂർ പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നാണ് പൊട്ടിത്തെറിച്ചത് എന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പോലീസുകാരന് പരിക്കുണ്ട്.
രാവിലെയോടെയായിരുന്നു സംഭവം. 2018 ൽ പിടിച്ചെടുത്ത സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. സ്റ്റേഷന് സമീപത്തെ ഒഴിഞ്ഞ മുറിയിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. രാവിലെ ഇത് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി. സ്ഫോടനത്തിന്റെ ആഘാതത്തിൽ സിമീപത്തെ വീടുകളിലെ ജനാലകൾ തകർന്നു.
സ്ഫോടനത്തിൽ പോലീസ് സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ജനാലകൾ തകരുകയും കെട്ടിടത്തിന് വിള്ളൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റ പോലീസുകാരൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Comments