തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മലയോരമേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തായുള്ള ചക്രവാതച്ചുഴിയാണ് മഴയ്ക്ക് കാരണം.
നാളെയും മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. അതിനാൽ ഇത്തരം പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പുണ്ട്.ഒക്ടോബർ ഒമ്പത് മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.
ഇതിനിടെ വയനാട്ടിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പൂതാടി പഞ്ചായത്തിലെ നടവയൽ നെയ്ക്കുപ്പ കോളനിയിലും നടവയൽ പേരൂർ കോളനിയിലും വെള്ളം കയറി. സുൽത്താൻ ബത്തേരിയിൽ നരസിപ്പുഴ കരകവിഞ്ഞു.
Comments