തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിൽ ശീതീകരണ സംവിധാനം നിലവിൽ വന്നു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ആണ് ശീതീകരണ സംവിധാനം സമർപ്പിച്ചത്. കെ.പി.എം. പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിച്ചത്.
പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. നാലമ്പലത്തിന്റെ തിരുമുറ്റം തുറന്ന ഭാഗമായതിനാൽ സാധാരണ രീതിയിലുള്ള എസി പ്രായോഗികമായിരുന്നില്ല. ഇക്കാരണത്താലാണ് പ്രദക്ഷിണ വഴികളിൽ തണുത്ത കാറ്റ് ലഭിക്കും വിധത്തിലുള്ള സംവിധാനം ഏർപ്പെടുത്തിയത്.