പത്തനംതിട്ട : ഇലന്തൂരിൽ സജീവ സിപിഎം പ്രവർത്തകനായ ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്ന് ആഭിചാര കൊലപാതകം നടത്തിയെന്ന വാർത്തയുടെ ഞെട്ടലിൽ നിന്ന് വിട്ടുമാറാതെ നാട്ടുകാർ. വളരെ സൗമ്യതയോടെ പെരുമാറിയിരുന്നയാളായിരുന്നു ഭഗവൽ സിംഗ്. ഇയാൾ ഒരിക്കലും ഇത്തരത്തിലൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന ഭഗവൽ, എല്ലാ പരിപാടികൾക്കും മുൻപന്തിയിൽ ഉണ്ടാകാറുണ്ടായിരുന്നു.
ഭഗവൽ സിംഗിന് സാമ്പത്തികമായി ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരനായ ഒരു ഓട്ടോ ഡ്രൈവർ പറയുന്നത്. എന്നും ഭഗവൽ സിംഗിന്റെ വീട്ടിലേക്ക് ഓട്ടം വരാറുണ്ട്. കഴിഞ്ഞ ദിവസവും തിരുമ്മലിനായി ഇവരുടെ വീട്ടിലേക്ക് ആളെ കൊണ്ടുവന്നിരുന്നു. തനിക്ക് ചായയും പഴങ്ങളുമെല്ലാം തന്നിട്ടാണ് പറഞ്ഞുവിട്ടത്. ഈ വീട്ടുകാരെക്കുറിച്ച് ഇങ്ങനെ ഒരു സംശയമേ ഇല്ലായിരുന്നു.
ഇയാളുടെ മകൾ ഗൾഫിലാണ്. മകനും സഹോദരിമാരുമെല്ലാം നല്ല നിലയിലാണ്. കുറേ സ്വത്തുമുണ്ട്. പുള്ളിക്ക് പൈസയ്‌ക്കൊന്നും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ദമ്പതിമാർ രണ്ട് പേരും സിപിഎം പ്രവർത്തകരാണെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.
അതേസമയം ഒട്ടേറെ കടങ്ങൾ ഉണ്ടായിരുന്നെന്നും അത് തീർക്കാൻ വേണ്ടിയാണ് ആഭിചാര കൊല നടത്തിയത് എന്നുമാണ് ദമ്പതിമാർ പോലീസിൽ മൊഴി നൽകിയത്. വീട്ടിലെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും രണ്ട് സ്ത്രീകളെ ബലി നൽകണമെന്ന് മുഹമ്മദ് ഷാഫി തങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നായിരുന്നു ഇവരുടെ മൊഴി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.















