കോഴിക്കോട്: പയ്യോളിയിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ എത്തിയ ആൾ സ്വർണവും പണവും കവർന്നതായി പരാതി. കാസർകോട് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു.
മന്ത്രവാദ ചികിത്സയുടെ പേരിൽ വീട്ടിലെത്തിയയാൾ സ്വർണവും പണവും കവർന്നുവെന്നാണ് പരാതി. കോഴിക്കോട് പയ്യോളി ആവിക്കലിൽ വാടകയ്‌ക്ക് താമസിക്കുന്ന പാലക്കാട് ആലത്തൂർ സ്വദേശിയായ മദ്രസ അദ്ധ്യാപകന്റെ വീട്ടിൽ നിന്നാണ് ഷാഫി സ്വർണവും പണവും കവർന്നത്. ഒന്നര ലക്ഷം രൂപയും ഏഴ് പവൻ സ്വർണവുമാണ് ഇയാൾ കവർന്നത്. പണം നഷ്ടപ്പെട്ടത് ചാത്തൻ സേവയിലൂടെയെന്ന് വിശ്വസിപ്പിക്കാനും ഷാഫി ശ്രമിച്ചിരുന്നു.
പരാതിയിൽ പയ്യോളി പോലീസ് ആണ് കേസ് എടുത്തത്. ഷാഫിയ്‌ക്കായി പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇലന്തൂരിൽ മന്ത്രവാദത്തിന്റെ പേരിൽ നടന്ന ആഭിചാര കൊലയുടെ നടുക്കത്തിലാണ് കേരളം. ഇതിനിടെയാണ് മന്ത്രവാദത്തിന്റെ പേരിൽ സ്വർണവും പണവും കവർന്ന വാർത്ത പുറത്തുവരുന്നത്.
Comments