പത്തനംതിട്ട: ചാക്കിൽ കെട്ടി വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ നോട്ടുകൾ നിറച്ച ചാക്ക് കണ്ടെത്തി. ഇതിനൊപ്പം തന്നെ ഒരു സെറ്റ് സാരിയും ഉണ്ടായിരുന്നു. പത്തനംതിട്ടയിൽ വള്ളിക്കോട് പഞ്ചായത്തിന് സമീപം പരുവേലി തോടിന്റെ കലുങ്കിന് അടുത്തായിട്ടാണ് ഇത് കണ്ടെത്തിയത്. 10, 20, 50, 100 രൂപയുടെ നോട്ടുകളാണ് ചാക്കിൽ ഉണ്ടായിരുന്നത്.
കവർ പൊട്ടിക്കാത്ത സെറ്റ് സാരിയാണ് ഇതിനോടൊപ്പം ഉണ്ടായിരുന്നത്. പത്തനംതിട്ട പോലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയതിന് ശേഷം അന്വേഷണം ആരംഭിച്ചു. കോന്നിയിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് വാങ്ങിയ സാരിയാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രദേശവാസികളായ സ്ത്രീകളാണ് പണം അടങ്ങിയ ചാക്ക് കണ്ടത്. സാരി കണ്ട് നോക്കിയപ്പോഴാണ് പണം അടങ്ങിയ ചാക്കും കണ്ടതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. അതേസമയം ഇതുവഴി രാവിലെ നടക്കാൻ പോയവരാരും ഇത്തരമൊരു ചാക്ക് ഇവിടെ കണ്ടിരുന്നില്ലെന്നാണ് പറയുന്നത്.
സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലമാണ് ഇത്. ഇതിന്റെ അടുത്തായിട്ട് തന്നെയാണ് ചാക്ക് കെട്ടും കിടന്നിരുന്നത്. മോഷണമുതലാണ് ഇതെന്നാണ് പോലീസ് സംശയിക്കുന്നത്. സാരി വാങ്ങി എന്ന് പറയപ്പെടുന്ന ടെക്സ്റ്റൈൽ ഷോപ്പിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിക്കും.
Comments