ജനം ടിവിയുടെ ചാനൽ ചർച്ചയ്ക്കിടെ സന്ദീപാനന്ദഗിരിയുടെ ഹോംസ്റ്റേ കത്തിച്ച സംഭവം ഓർമ്മിപ്പിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമം കൊണ്ടുവരുമെന്ന് കേരള സർക്കാർ പറഞ്ഞതിനെ മുൻ നിർത്തി ജനം ടിവിയിൽ നടന്ന ചർച്ചയ്ക്കിടെയാണ് രസകരമായ സംഭവം. മൃഗബലി നിർത്തലാക്കിയതാണ്, ഹിന്ദുമതത്തെ അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്താൻ ശ്രമിക്കുമ്പോൾ മറുവശത്ത് മറ്റു മതങ്ങൾ മൃഗബലി അടക്കമുള്ളത് തുടരുകയാണ്. ഒരു നിയമം വരുമ്പോൾ എല്ലാ മതങ്ങളെയും ഉൾപ്പെടുത്തുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സന്ദീപാനന്ദഗിരി. നിയമം വരുമ്പോൾ എല്ലാ മതങ്ങൾക്കും ബാധകമാണെന്നും, ചില ദുഷ്ടശക്തികളാണ് ഇത് ഹിന്ദുമതത്തെ മാത്രമെ ബാധിക്കുകയുള്ളു എന്ന് പ്രചരിപ്പിക്കുന്നതെന്നുമാണ് സന്ദീപാനന്ദഗിരി ചർച്ചയിൽ ഉന്നയിച്ചത്.
ചർച്ചയിൽ ഉടനീളം ഹിന്ദുമതത്തിലെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സന്ദീപാനന്ദഗിരി ചോദ്യം ചെയ്തു. തലയിൽ കൈ വെച്ചതു കൊണ്ടോ, കെട്ടിപ്പിടിച്ചതു കൊണ്ടോ ആർക്കും ഒന്നും ലഭിക്കുന്നില്ല എന്ന് ഹിന്ദു ആചാര്യന്മാരെ ചൂണ്ടിക്കാണിച്ചു കൊണ്ട് സന്ദീപാനന്ദഗിരി തന്റെ വാദം സമർദ്ധിക്കാൻ നോക്കുമ്പോൾ അദ്ദേഹത്തിന്റെ ഒരു ചിത്രം ശ്രീജിത്ത് പണിക്കർ പങ്കുവെയ്ക്കുകയായിരുന്നു. ഗുരുവിനെ ആരതി ഒഴിയുന്നതടക്കമുള്ള ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ഇതൊന്നും അന്ധവിശ്വാസമല്ലെ എന്ന് ശ്രീജിത്ത് പണിക്കർ ചർച്ചയിൽ ചോദിച്ചു. എന്നാൽ ഇതൊന്നും തെറ്റല്ല, തന്റെ ആശ്രമത്തിൽ രണ്ട് നേരവും വിളക്ക് കത്തിക്കാറുണ്ടെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.
ആശ്രമത്തിൽ വിളക്ക് കത്തിക്കുമെന്ന സന്ദീപാനന്ദഗിരിയുടെ പരാമർശത്തിന് പിന്നാലെയാണ് ഹോംസ്റ്റേ തീ കത്തിച്ച സംഭവം പറയാതെ പറഞ്ഞുകൊണ്ട് ശ്രീജിത്ത് പണിക്കരുടെയും വിദ്യാസാഗർ ഗുരുമൂർത്തിയുടെയും വിമർശനം. ആശ്രമത്തിൽ വിളക്ക് മാത്രമല്ല കത്തിക്കുന്നതെന്ന് ശ്രീജിത്ത് പണിക്കർ പറഞ്ഞതോടെ സന്ദീപാനന്ദഗിരി അസ്വസ്ഥനാകുകയായിരുന്നു. അത് ഒരോരുത്തരുടെയും സംസ്കാരം അനുസരിച്ചിരിക്കും എന്ന് സന്ദീപാനന്ദഗിരി മറുപടി പറഞ്ഞതോടെ, താൻ സാമ്പ്രാണി, ധൂപം എന്നിവയെല്ലാം കത്തിക്കുന്നതിനെപ്പറ്റിയാണ് പറഞ്ഞതെന്നും താങ്കളെന്തിന് തെറ്റിധരിക്കുന്നുവെന്നും ശ്രീജിത്ത് പണിക്കർ ചോദിച്ചു. എന്റെ സംസ്കാരം അനുസരിച്ച് താൻ സാമ്പ്രാണി കത്തിക്കാറുണ്ട്, ഓരോത്തർ അവരുടെ സംസ്കാരം അനുസരിച്ച് ഓരോന്ന് കത്തിക്കുമെന്നും ശ്രീജിത്ത് പണിക്കർ സന്ദീപാനന്ദഗിരിയെ പരിഹസിച്ചു. നാലുവർഷം മുമ്പാണ് കുണ്ടമൺകടവിലെ സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ തീപിടിച്ചത്. എന്നാൽ ഹോം സ്റ്റേ കത്തിച്ചവരെ ഇതുവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. പിന്നാലെ, ഇതെല്ലാം സിപിഎമ്മിന്റെയും സന്ദീപാനന്ദഗിരിയുടെയും നാടകമാണെന്ന് ആരോപണം ഉയർന്നിരുന്നു.
Comments