തിരുവനന്തപുരം:നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താർ പോലീസ് കസ്റ്റഡിയിൽ. തൃശൂർ പാവറട്ടി പോലീസ് ആണ് സത്താറിനെ കസ്റ്റഡിയിൽ എടുത്തത്. ഹർത്താൽ ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
ഹർത്താൽ നടത്താൻ പ്രേരിപ്പിച്ച കുറ്റത്തിനാണ് പ്രതി ചേർത്തത്. ഇയാൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന കുറ്റവും ചുമത്തിയിരുന്നു. നേരത്തെ കൊച്ചി എൻഐഎ കോടതിയായിരുന്നു അബ്ദുൾ സത്താറിനെ റിമാൻഡിൽ വിട്ടത്.എൻഐഎ രജിസ്റ്റർ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഇയാൾ.
സത്താറിന് പുറമെ ജില്ലാ പ്രസിഡന്റ് , സെക്രട്ടറി, ഡിവിഷണൽ പ്രസിഡന്റ്,സെക്രട്ടറി,തുടങ്ങിയ ഭാരവാഹികളും പ്രതി പട്ടികയിൽ ഉൾപ്പെട്ടിരുന്നു.
കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇയാളിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ നടത്തിയ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളിലും അബ്ദുൾ സത്താറിനെ പ്രതിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നഷ്ടപരിഹാര തുകയായ 5 കോടി 20 ലക്ഷം കെട്ടിവയ്‌ക്കാതെ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കോടതി നിർദ്ദേശം നൽകിയിരുന്നു.















