ന്യൂഡൽഹി : വിദ്വേഷ പ്രസംഗത്തിൽ കർശന നടപടി വേണമെന്ന് നിർദ്ദേശവുമായി സുപ്രീം കോടതി. പരാതി ലഭിക്കാനായി കാത്ത് നിൽക്കാതെ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. വിദ്വേഷ പ്രസംഗങ്ങൾക്കെതിരായ ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ കെ.എം.ജോസഫ്, ഋഷികേശ് റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഭാഗത്ത് നിന്നും സുപ്രധാനമായ നിരീക്ഷണം ഉണ്ടായത്.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നാം ജീവിക്കുന്നത് എന്നാണ് കോടതി ചോദിച്ചത്. എന്നിട്ടും മതത്തിന്റെ പേരിൽ എവിടെയാണ് എത്തിനിൽക്കുന്നത് എന്നും വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചുകൊണ്ട് ബെഞ്ച് ചോദിച്ചു.
ഇന്ത്യ ഒരു മതേതര രാജ്യമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ആരുടെ ഭാഗത്ത് നിന്നായാലും വിദ്വേഷ പ്രസംഗങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. വിദ്വേഷ പ്രസംഗം നടത്തുന്നയാളുടെ മതം നോക്കേണ്ട ആവശ്യമില്ല. നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട സർക്കാരുകൾ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്നും സൂപ്രീം കോടതി നിരീക്ഷിച്ചു.















