കൊല്ലം: കിളികൊല്ലൂർ സ്റ്റേഷനിൽ സൈനികനായ വിഷ്ണുവിനെ എ.എസ്.ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തു വിട്ടതിന് പിന്നാലെ സേനക്കുള്ളിൽ ഭിന്നത. എ.എസ്.ഐ പ്രകാശ് ചന്ദ്രനെ മാത്രം കുറ്റക്കാരനാക്കി സി.ഐ അടക്കമുള്ള മറ്റ് പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടി ഉന്നത ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടതെന്നാണ് ഒരു വിഭാഗം പൊലീസുകാരുടെ ആരോപണം. അതേസമയം സ്റ്റേഷനിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും നൽകണമെന്നാവശ്യപ്പെട്ട് വിഘ്‌നേഷ് ഇന്ന് കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ വിവരാവകാശ രേഖ സമർപ്പിക്കും. മർദ്ദനവുമായി ബന്ധപ്പെട്ട ആഭ്യന്തര അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് യുവാവിന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും
പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരും വിഷ്ണുവിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് നേരിടേണ്ടി വന്ന അതിക്രമങ്ങളും, വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. ഓഗസ്റ്റ് 25നാണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തത്, എന്നാൽ ഏറെ വൈകിയാണ് ഈ വിവരം സൈനിക ക്യാമ്പിൽ അറിയിച്ചത്. സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ വിവരം അറിയിക്കണം എന്നുള്ളപ്പോഴാണ് പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായത്.















