ചെന്നൈ : ഇന്ത്യയുടെ വിക്ഷേപണവാഹനമായ ജിഎസ്എൽവി 3 യുടെ ആദ്യ വാണിജ്യ വിക്ഷേപണം വിജയിച്ചു. വിക്ഷേപിച്ച 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചതായി ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് അറിയിച്ചു. ബ്രിട്ടീഷ് ഇൻറർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ 36 ഉപഗ്രഹങ്ങളുമായി ഇന്നലെ രാത്രിയാണ് ഇന്ത്യയുടെ അഭിമാന വാഹനം കുതിച്ചുയർന്നത്.
ആദ്യ രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിയത്. തുടർന്ന് മറ്റ് 20 ഉപഗ്രഹങ്ങളെ എത്തിക്കുകയായിരുന്നു. പ്രതീക്ഷിച്ച കൃത്യതയോടെ എല്ലാ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. ഈ വിക്ഷേപണത്തിന് എല്ലാ പിന്തുണയും നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം നന്ദി അറിയിച്ചു.
രാജ്യത്തിന്റെ ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായെന്നാണ് എസ് സോമനാഥ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞത്. ഐഎസ്ആർഒയുടെ പ്രാഗൽഭ്യം കൊണ്ടാണ് ഈ ദൗത്യം വിജയിച്ചത് എന്നും ഇസ്രോയിൽ അർപ്പിച്ച വിശ്വാസത്തിന് വൺ വെബ്ബിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ചന്ദ്രയാൻ 3 ന്റെ വിക്ഷേപണം 2023 ജൂണിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമ പരിശോധന പൂർത്തിയായതായും ചില ടെസ്റ്റുകൾ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് അർദ്ധരാത്രി 12.07 നാണ് വിക്ഷേപണം നടന്നത്. ഇത്രയും ഭാരമേറിയ ഉപഗ്രഹം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കുന്നത്. സാധാരണയായി പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണങ്ങൾ നടത്തിയിരുന്നത്. എന്നാൽ വൺ വെബ്ബ് ഇന്ത്യ-1 മിഷന്റെ വിക്ഷേപണം നടക്കുന്നത് ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ്.
5,400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുത്തൻ ചരിത്രം സൃഷ്ടിക്കപ്പെടും. വേഗത കൂടിയതും പ്രതികരണ സമയം കുറഞ്ഞതുമായ ബ്രോഡ്ബാൻഡ് സേവനം ബഹിരാകാശത്ത് നിന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്.
Comments