ഏറ്റുമാനൂർ: കഞ്ചാവ് കേസിലെ പ്രതി എക്‌സൈസ് സംഘത്തെ പേടിച്ച് ഓടിക്കയറിയത് വനിതാ പോലീസിന്റെ വീട്ടുവളപ്പിൽ. യുവാവിന്റെ പരിഭ്രമം കണ്ട് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചെത്തായി. പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്കുന്ന വനിതാ സിവിൽ പോലീസ് ഓഫീസർ കെ. കൻസിയുടെ വീട്ടിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാന കണ്ണിയായ അജിത്താണ് പോലീസിന്റെ പിടിയിലായത്. ഡ്യൂട്ടി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന കൻസിയുടെ വീട്ടുവളപ്പിലേക്ക് ഓടിക്കയറുകയായിരുന്നു. കുറച്ച് പേർ കൊല്ലാൻ വരുന്നെന്നും രക്ഷിക്കണമെന്നുമായിരുന്നു യുവാവിന്റെ അപേക്ഷ. സംശയം തോന്നിയ കൻസി യുവാവിനെ ചോദ്യം ചെയ്യുകയായിരുന്നു. അയൽവീട്ടുകാരെയും കൂട്ടി യുവാവിനെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിച്ചു.
പോലീസെത്തും മുൻപെ യുവാവിനെ തേടി എക്‌സൈസ് സംഘം എത്തുകയായിരുന്നു. കഞ്ചാവ് കേസിൽ പരിശോധന നടത്തുന്നതിനിടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തിൽ പ്രതിയെ എക്‌സൈസിനു കൈമാറുകയായിരുന്നു.
















