കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന് (25) ഐഎസ് ഭീകരൻ ഷഹ്‌റാൻ ഹാഷിമുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് കണ്ടെത്തൽ.
2019 ൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനാണ് ഷഹ്‌റാൻ ഹാഷിം. ജമേഷ മുബിൻ വിയ്യൂർ ജയിൽ സന്ദർശിച്ചത് എൻഐഎ കേസിലെ അംജദ് അലിയെ കാണാനെന്നും അന്വേഷണസംഘം കണ്ടെത്തി. 2020 ഒക്ടോബർ അഞ്ചിനാണ് മുബിൻ വിയ്യൂരിലെത്തിയത്.അതീവസുരക്ഷാ ജയിലിൽ നൽകിയത് മലപ്പുറത്തെ വിലാസമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
മുബിനും ഇന്നലെ അറസ്റ്റിലായ കൂട്ടാളികളും വിയ്യൂരിലെത്തിയിരുന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കണ്ടെത്തിയത്. ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ള ചില ഉപഗ്രൂപ്പുകളുടെ ഭാഗമാണ് മുബിനും കൂട്ടാളികളും എന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഷഹ്‌റാൻ ഹാഷിമുമായുള്ള മുബിന്റെ ബന്ധത്തെ എൻഐഎ അതീവ ഗൗരവമായാണ് കാണുന്നത്.
ഷഹ്റാൻ ഹാഷിമും വിയ്യൂർ ജയിലിൽ ശ്രീലങ്കൻ സ്‌ഫോടനക്കേസിലെ വിചാരണ തടവുകാരനായ അസ്‌റുദ്ദീനും തെക്കേ ഇന്ത്യയിലെ ഐഎസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളായി പ്രവർത്തിച്ചിരുന്നുവെന്നും വിവരങ്ങൾ പുറത്തുവന്നിരുന്നു. മുബിന്റെ വീട്ടിൽ വലിയ തോതിൽ സ്ഫോടനവസ്തുക്കൾ കണ്ടെത്തിയിരുന്നു. ഇത് ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടനത്തിന് സമാനമായി രാജ്യത്ത് ചില ആക്രമങ്ങൾ നടത്താൻ ലക്ഷ്യമിട്ടായിരുന്നുവെന്ന് പോലീസും ,എൻഐഎയും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര സ്ഫോടനങ്ങൾ നടത്തുകയും അന്തർദേശീയ നെറ്റ് വർക്കുകളുടെ ഭാഗമാണ് പിടിയിലായത് എന്നുള്ളത് കൊണ്ടാണ് എൻഐഎ കേസിലേക്ക് എത്തുന്നത്.
ഇന്നലെ രാത്രിയോടെയാണ് മുബീന്റെ കൂട്ടാളികളെ പോലീസ് പിടികൂടുന്നത്.ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ.സ്ഫോടനത്തിന് തൊട്ടുമുൻപ് ഇവർ കാറിനുള്ളിലേക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കയറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു.
Comments