തിരുവനന്തപുരം: പാറശ്ശാലയിൽ ഷാരോൺ രാജിനെ കാമുകി ഗ്രീഷ്മ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. പ്രണയത്തിന്റെ മാനവികതയാകെ നഷ്ടപ്പെടുന്ന വാർത്തകളാണ് തുടർച്ചയായി വന്നു കൊണ്ടിരിക്കുന്നത് അതിൽ അവസാനത്തേതാണ് പാറശ്ശാലയിലെ ഷാരോണിന്റെ മരണം. ഇത് ഏറെ ഞെട്ടിക്കുന്നതും ക്രൂരവുമായ കൊലപാതകം നമ്മുടെ പ്രണയ സങ്കൽപ്പങ്ങളെയും പ്രണയത്തിന്റെ വിശാലമായ കാഴ്ചപ്പാടിനെയും ഇല്ലാതാക്കുന്നതാണെന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ചു.
നമ്മുടെ തലമുറ പ്രണയിക്കാനും പ്രണയ നിരാസങ്ങളെ കൈകാര്യം ചെയ്യാനും ഇനിയും ഏറെ പഠിക്കേണ്ടതുണ്ട്. ജീവനെടുക്കുന്ന പ്രണയപ്പകകൾ ഇല്ലാത്ത പ്രണയ ലോകങ്ങൾ പിറക്കാനുള്ള സാമൂഹ്യാവബോധം പുതുതലമുറയിൽ ഉണ്ടാക്കാൻ നമുക്ക് ജാഗ്രത കാട്ടാമെന്ന് മേയർ കൂട്ടിച്ചേർത്തു.
അതേസമയം ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ തെളിവ് ശേഖരിക്കുകയാണ് അന്വേഷണസംഘം.ഗ്രീഷ്മയുടെ വീട്ടിൽപോയ ദിവസം ഷാരോൺ ധരിച്ച വസ്ത്രങ്ങൾ ഹാജരാക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി. ഈ വസ്ത്രങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
കൊലപാതകത്തിൽ ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും പങ്കുണ്ടെന്നാണ് ഷാരോണിന്റെ കുടുംബത്തിന്റെ പ്രധാന ആരോപണം. അമ്മയാണ് കഷായത്തിൽ കീടനാശിനി കലർത്തിനൽകിയതെന്നും ഇവർ ആരോപിച്ചിരുന്നു.
Comments