ദിസ്പൂർ: കൂട്ടിവെച്ച നാണയത്തുട്ടുകൾ നൽകി തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കിയ യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ബൈക്ക് വാങ്ങുകയെന്ന സ്വപ്‌നത്തെയാണ് നാണയത്തുട്ടുകൾ ചേർത്തുവെച്ച് യുവാവ് സാക്ഷാത്കരിച്ചത്. അസമിലെ കരിംഗഞ്ചിലാണ് സംഭവം.
കരിംഗഞ്ചിലെ രാമകൃഷ്ണ നഗർ സ്വദേശിയായ സുരഞ്ജൻ റോയ് എന്ന യുവാവാണ് ബൈക്ക് വാങ്ങിയതോടെ വൈറാലയത്. കഴിഞ്ഞ ശനിയാഴ്ച പ്രദേശത്തുള്ള ടിവിഎസ് ഷോറൂമിലേക്ക് നാണയത്തുട്ടുകളുമായി യുവാവെത്തി. റോയിയുടെ ആഗ്രഹം ചോദിച്ചറിഞ്ഞ ഷോറൂം ജീവനക്കാർ അപ്പാച്ചെ 160 4വി ബൈക്ക് കാണിച്ചുകൊടുത്തു. ബൈക്ക് വാങ്ങാൻ താൽപര്യമുണ്ടെന്ന് അറിയിച്ച റോയ് 50,000 രൂപ ഡൗൺ പേയ്‌മെന്റ് നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു.
തുടർന്ന് ചാക്കിലാക്കി കൊണ്ടുവന്ന 50,000 രൂപയുടെ നാണയത്തുട്ടുകൾ റോയ് മുന്നിൽവെച്ചു. ഇതുകണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് മാനേജറുമായി സംസാരിച്ച് നാണയങ്ങൾ സ്വീകരിക്കാനുള്ള സമ്മതം ഷോറൂം ജീവനക്കാർ വാങ്ങി. ശേഷം 50,000 രൂപ വരുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി ഡൗൺ പേയ്‌മെന്റ് ആയി സ്വീകരിച്ച് ഷോറൂം ജീവനക്കാർ ബൈക്ക് നൽകി.
വർഷങ്ങളായി ദിവസവും ശേഖരിച്ച് വെച്ചിരുന്ന നാണയത്തുട്ടുകളാണ് ഒടുവിൽ 50,000 രൂപയായി വർധിച്ചതെന്ന് യുവാവ് പറയുന്നു. ബൈക്ക് വാങ്ങുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരുന്നു നാണയങ്ങൾ സ്വീകരിച്ചിരുന്നത്. നിലവിൽ ബൈക്ക് സ്വന്തമായ സന്തോഷത്തിലാണ് റോയ്.
Comments