സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാളികപ്പുറം. പ്രഖ്യാപനം മുതൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സിനിമ പാക്ക്അപ്പ് ആയി എന്ന് അറിയിച്ചിരിക്കുകയാണ് നടൻ ഉണ്ണിമുകുന്ദൻ. ‘ഇനി സിനിമയിൽ കാണാം’ എന്നു കുറിച്ചു കൊണ്ട് അണിയറ പ്രവർത്തകർക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയും താരം പുറത്തു വിട്ടു. കറുപ്പുടുത്ത് മേലാകെ നിറം പൂശി നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ദേവനന്ദ എന്ന ബാലതാരം തോളിൽ ഇരുന്നു കൊണ്ട് ആഹ്ലാദിക്കുന്നതും കാണാം. കലിയുഗവരദനായ അയ്യപ്പനെപ്പറ്റിയുള്ള ചിത്രമാണ് മാളികപ്പുറം. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ, മന്ത്രമോതിരം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ ശശി ശങ്കറിന്റെ മകൻ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിക്കുന്നതും സംവിധായകൻ വിഷ്ണു തന്നെയാണ്. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവർ എന്നീ ചിത്രങ്ങൾക്കു ശേഷം അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണിത്. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് “മാളികപ്പുറം” എന്ന ചിത്രം പറയുന്നത്.
ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ഇന്ദ്രൻസ്, മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണുനാരായണൻ, സംഗീതം-പശ്ചാത്തല സംഗീതം രഞ്ജിൻ രാജ് എന്നിവരും നിർവ്വഹിക്കുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയും പരിസരപ്രദേശങ്ങളിലുമാണ് നടന്നത്.















