ചൊവ്വാ പര്യവേഷണത്തിന്റെ ഭാഗമായി ഭാഗമായി നാസ വിക്ഷേപിച്ച ഇൻസൈറ്റ് ലാൻഡറിന്റെ പ്രവർത്തനം വൈകാതെ തന്നെ അവസാനിക്കുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസമാണ് ലഭിക്കുന്നത്. പരമാവധി എട്ട് ആഴ്ച വരെ പ്രവർത്തിക്കാനുള്ള ഊർജ്ജം മാത്രമേ ലാൻഡറിനുള്ളു. ശക്തമായ പൊടിക്കാറ്റിൽ ലാൻഡറിന് ഊർജ്ജം ശേഖരിക്കുന്ന സോളാർ പാനലുകളിൽ നിറയെ പൊടി നിറഞ്ഞിരുന്നു. ഇതോടെയാണ് ബാറ്ററിയിലെ ചാർജ്ജ് കുറയാൻ തുടങ്ങിയത്. ഊർജ്ജം തീരുന്നതോടെ നാസയ്‌ക്ക് ലാൻഡറുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടും. ഇപ്പോൾ ലാൻഡറിൽ നിന്ന് അവസാന സന്ദേശം പങ്കിടുകയാണ് നാസ. തന്റെ അവസാന നിമിഷം അടുത്തുവെന്നും, ഇതുവരെ നൽകിയ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് പരമാവധി പ്രയോജനപ്പെട്ടുവെന്നാണ് കരുതുന്നതെന്നും സന്ദേശത്തിൽ പറയുന്നു.
ചൊവ്വയെക്കുറിച്ചുള്ള പഠനത്തിന്റെ നാല് വർഷങ്ങൾ പൂർത്തിയാകുന്നു. പക്ഷേ ഞാൻ നിശബ്ദനാകുന്ന ദിവസം അടുത്തിരിക്കുകയാണ്. എന്റെ അവസാനം അടുക്കുകയാണ്, എങ്കിലും ഞാൻ ശേഖരിച്ച് നൽകിയ കാര്യങ്ങൾ ശാസ്ത്രജ്ഞന്മാർക്ക് പരമാവധി പ്രയോജനപ്പെടുത്താൻ സാധിച്ചുവെന്നാണ് കരുതുന്നത്. ഇക്കാര്യം എന്റെ ടീം ഉറപ്പാക്കിയിട്ടുണ്ടെന്നും സന്ദേശത്തിൽ പറയുന്നു. സൗരോർജ്ജ ബാറ്ററികളിലാണ് പേടകം പ്രവർത്തിച്ചിരുന്നത്. വലിയ തോതിൽ പൊടി നിറഞ്ഞതാണ് റീചാർജ് ചെയ്യാൻ തടസ്സമാകുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നു. പൊടി നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു.
ചൊവ്വയുടെ ആന്തരിക ഘടന പഠിക്കുന്നതിനും, ചൊവ്വയിലെ പ്രകമ്പനത്തെ കുറിച്ച് പഠിക്കുന്നതിനും ഇൻസൈറ്റ് ദൗത്യം സഹായിച്ചിട്ടുണ്ട്. 2018 നവംബറിലാണ് ലാൻഡർ ചൊവ്വയിൽ ലാൻഡ് ചെയ്യുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനെക്കാൾ മികച്ച രീതിയിലുള്ള വിജയമാണ് ഇൻസൈറ്റ് ലാൻഡർ നേടിയതെന്ന് പ്രിൻസിപ്പൾ ഇൻവെസ്റ്റിഗേറ്ററായ ബ്രൂസ് ബനേർട്ട് പറഞ്ഞു. ചൊവ്വയിലെ കാലാവസ്ഥ എന്നാൽ മഴയും മഞ്ഞുമല്ല, മറിച്ച് കാറ്റും പൊടിയുമാണെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെടുന്ന അവസരത്തിൽ ദൗത്യം അവസാനിച്ചതായി പ്രഖ്യാപിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.















