ജമ്മു: ഭീകരനെ വധിച്ച് സുരക്ഷാ സേന. പൂഞ്ചിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരൻ കൊല്ലപ്പെട്ടത്. നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നതിനിടെയാണ് ഭീകരനെ സുരക്ഷാ സേന വധിച്ചത്. കൊല്ലപ്പെട്ട ഭീകരന്റെ പക്കൽ നിന്നും രണ്ട് എകെ 47 റൈഫിളുകൾ,പിസ്റ്റൾ എന്നിവ കണ്ടെടുത്തു. ഭീകരനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി കശ്മീർ പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് ഭീകരനെ വധിച്ചിരുന്നു. കുപ്വാരയിലെ ഏറ്റുമുട്ടലിലാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്. കേരൻ സെക്ടറിലെ നിയന്ത്രണരേഖ വഴിയാണ് ഭീകരൻ അതിർത്തി കടക്കാൻ ശ്രമിച്ചത്. അതിർത്തി വഴിയുള്ള സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാ സേന ഭീകരനെ വളയുകയായിരുന്നു. തുടർന്ന് ഇയാൾ സുരക്ഷാ സേനയെ ആക്രമിക്കുകയായിരുന്നു. ഇതേടെയാണ് സേനയും വെടിയുതിർത്തത്.
നേരത്തെ അനന്തനാഗിലെ ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്ബ കമാൻഡർ മുഖ്തർ ഭട്ട് ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. വൻ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നവരെയാണ് വധിച്ചത്. എകെ-74 റൈഫിൾ, എകെ-56 റൈഫിൾ, പിസ്റ്റൾ എന്നികവ കണ്ടെടുത്തിരുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥരെ അടക്കം കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവരെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
Comments