ഗാങ്ടോക്ക് : സിക്കിമിൽ നർത്തകിമാർക്കൊപ്പം നൃത്തം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു. രണ്ട് ദിവസത്തെ സിക്കിം സന്ദർശനത്തിനിടെ ഗാങ്ടോക്കിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് ദ്രൗപദി മുർമു.വേദിയിൽ നൃത്തം അവതരിപ്പിക്കുകയായിരുന്ന കലാകാരികൾക്കൊപ്പം കൈകോർത്തുപിടിച്ചാണ് രാഷ്ട്രപതി ചുവടുവെച്ചത്. ഈ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
#WATCH | Sikkim: President Droupadi Murmu along with, Krishna Rai, wife of Sikkim CM, joined the members of a local dance troupe who performed the “integration dance” in Gangtok. pic.twitter.com/8XM2bvmiCp
— ANI (@ANI) November 4, 2022
സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്ങിന്റെ ഭാര്യ കൃഷ്ണ റായിയും ഇവർക്കൊപ്പമുണ്ടായിരുന്നു. രാഷ്ട്രപതി ഭവനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പരമ്പരാഗത രീതിയിലാണ് കൈകോർത്ത് പിടിച്ച് പെൺകുട്ടികൾ ചുവടുവെച്ചിരുന്നത്. ദ്രൗപദി മുർമുവും കൃഷ്ണ റായിയും ഇവർക്കൊപ്പം ചേരുകയായിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് കൈകോർത്ത് നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം.
കിഴക്കൻ ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന സിക്കിം ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. മഞ്ഞുമൂടിയ കൊടുമുടികൾ, ഇടതൂർന്ന വനങ്ങൾ, അപൂർവ സസ്യജന്തുജാലങ്ങൾ, മനോഹരമായ തടാകങ്ങൾ, പവിത്രത എന്നിവയാൽ അനുഗ്രഹീതമാണ് ഈ സ്ഥലം. ടീസ്ത, രംഗിത് എന്നീ നദികൾ സിക്കിമിന്റെ പ്രകൃതി സൗന്ദര്യത്തെ കൂടുതൽ ആകർഷകമാക്കുന്നു. വിവിധ സമുദായങ്ങളുടെ സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ സാംസ്കാരിക പൈതൃകവും സിക്കിമിനുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.
Comments