ബെയ്ജിംഗ് : കുരങ്ങുകളെ ബഹിരാകാശത്തേക്ക് അയയ്ക്കാനൊരുങ്ങി ചൈന. ഗുരുത്വാഗർഷണം ഇല്ലാത്ത ബഹിരാകാശത്ത് കുരങ്ങുകൾ ഇണ ചേരുന്നതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്താനാണ് ചൈന പദ്ധതിയിടുന്നത്. ഇതിനായി രാജ്യത്തെ ടിയാൻഗോംഗ് ബഹിരാകാശ നിലയത്തിലേക്കാവും കുരങ്ങുകളെ അയക്കുക.
ബഹിരാകാശ നിലയത്തിലെ വെന്റിയൻ മൊഡ്യൂളിലാണ് പരീക്ഷണം നടത്തുകയെന്ന് ബെയ്ജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഗവേഷകൻ ഷാങ് ലു പറഞ്ഞു. മൈക്രോ ഗ്രാവിറ്റിയോടും മറ്റ് ബഹിരാകാശ പരിതസ്ഥിതികളോടും ഒരു മൃഗം എങ്ങനെ പൊരുത്തപ്പെടുന്നു എന്ന് മനസ്സിലാക്കുന്നതിനാണ് ഈ പരീക്ഷണം നടത്തുന്നത്. എന്നാൽ ദൗത്യത്തിൽ കുരങ്ങുകൾ സഹകരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിചയം ഇല്ലാത്ത സ്ഥലത്ത് പൂട്ടിയിടുമ്പോൾ കുരങ്ങുകൾ നിഷേധാത്മക പ്രതികരണങ്ങൾ കാണിക്കാൻ സാധ്യത കൂടുതലാണ്. കളിപ്പാട്ടങ്ങൾ നൽകിയും പാട്ടുകൾ കേൾപ്പിച്ചും ഒരു പരിധി വരെ ഈ പ്രശ്നം പരിഹരിക്കാം . ഒപ്പം മറ്റ് കുരങ്ങുകളുമായി ഇടപഴകാൻ അനുവദിച്ചുകൊണ്ട് അവരെ ശാന്തമാക്കാൻ സാധിക്കും. കുരങ്ങുകളെ എങ്ങനെ പരിപാലിക്കണം എന്നതും അവരെ സന്തോഷത്തോടെ നിലനിർത്തണം എന്നുള്ളതും ബഹിരാകാശ സഞ്ചാരികൾക്ക് പുതിയ വെല്ലുവിളിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments