തിയറ്ററുകളിൽ വൻ വിജയം നേടിയ ചിത്രമാണ് മമ്മൂട്ടി നായകനായ റോഷാക്ക്. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മേക്കിംഗ് കൊണ്ടും അഭിനയപ്രകടനം കൊണ്ടും പ്രശംസിക്കപ്പെട്ട ചിത്രം ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. നവംബർ 11-ന് ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും. ഡിസ്നി ഹോട്ട്സ്റ്റാർ ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു കൊണ്ടാണ് റിലീസ് തിയതി ഹോട്ട്സ്റ്റാർ പുറത്തു വിട്ടിരിക്കുന്നത്.
അമേരിക്കന്‍ പൗരത്വമുള്ള ദുബായില്‍ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. സെക്കളോജിക്കല്‍ മിസ്റ്ററി ത്രില്ലര്‍ എന്ന നിലയിലാണ് റോഷാക്ക് സഞ്ചരിക്കുന്നത്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. നടി ബിന്ദു പണിക്കരും മമ്മൂട്ടിക്കൊപ്പം മികച്ച പ്രകടനം സിനിമയിൽ കാഴ്ച വെയ്ക്കുന്നു.
ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ എഴുതിയ സമീർ അബ്ദുൾ ആണ് റോഷാക്കിന്റെ തിരക്കഥാകൃത്ത്. നിമീഷ് രവി ചിത്രത്തിന്റെ ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments