ആലപ്പുഴ : ഏഴാം ക്ലാസുകാരി നൽകിയ മിഠായി കഴിച്ച് അഞ്ചാം ക്ലാസുകാരിക്ക് ശാരീരികാസ്വാസ്ഥ്യം. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലുള്ള സ്കൂളിലാണ് സംഭവം. പ്രദേശത്തെ ഒരു കടയിൽ നിന്ന് വാങ്ങിയ മിഠായിയാണ് വിദ്യാർത്ഥിനി അഞ്ചാം ക്ലാസുകാരിക്ക് കൊടുത്തത്.
മിഠായി കഴിച്ചപാടെ പെൺകുട്ടിക്ക് അസ്വസ്ഥതയുണ്ടായി. ഇതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് തലവേദനയും, നെഞ്ചുവേദനയും അനുഭവപ്പെട്ടിരുന്നു. പിന്നീട് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിലെത്തിയ കുട്ടിക്ക് കണ്ണിന് നിറം മാറ്റവും നീരുമുണ്ടായി. ഇതോടെ കുട്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ സ്കൂൾ അധികൃതരാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് മിഠായി വാങ്ങിയ കടയിൽ പരിശോധന നടത്തി. ലഹരി കലർന്ന മിഠായിയാണ് ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കുട്ടികളെ വലയിലാക്കാൻ ലഹരി കലർന്ന മിഠായി വ്യാപകമാകുന്നുവെന്ന പരാതി ലഭിക്കുന്നുണ്ട്.
Comments