ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച് ഐഎസ്ആർഒ. 450 കിലോഗ്രാം ഭാരമുളള ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാൻ ശേഷിയുണ്ടോ എന്നാണ് പരീക്ഷണത്തിൽ പരിശോധിച്ചത്. ഇസ്രോയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ എൽവിഎം-3 യ്‌ക്ക് കരുത്തേകുന്നത് ഈ ക്രയോജനിക് എഞ്ചിനായിരിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
അധിക പ്രൊപ്പല്ലന്റ് ലോഡിംഗിലൂടെ 450 കിലോഗ്രാം ഭാരം കൂടി വഹിക്കാനാകുമോ എന്ന് പരിശോധിക്കുകയായിരുന്നു പരീക്ഷണത്തിന്റെ ലക്ഷ്യം. മുൻപ് പരീക്ഷിച്ച ക്രയോജനിക് എൻജിനുകളിൽ നിന്ന് ഒട്ടേറെ മാറ്റങ്ങളോടെയാണ് സിഇ 20 എന്ന എഞ്ചിൻ അവതരിപ്പിച്ചിരിക്കുന്നത്. മർദ്ദ നിയന്ത്രിത വാൽവിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 3ഡി-പ്രിന്റിംഗിലുളള എൽഒഎക്സ്,എൽഎച്ച്2 ടർബൈൻ എക്‌സ്‌ഹോസ്റ്റ് കേസിംഗുകൾ ആദ്യമായി ഉൾപ്പെടുത്തിയ ക്രയോജനിക് എഞ്ചിനാണിതെന്നും ഇസ്രോ പറഞ്ഞു.
കഴിഞ്ഞ മാസമാണ് 36 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള എൽവിഎം-3 റോക്കറ്റ് വിക്ഷേപിച്ചത്. ഐഎസ്ആർഒയുടെ വാണിജ്യ ഉപഗ്രഹ വിക്ഷേപണ ദൗത്യത്തിൽ നിർണായകമായിരുന്നു ഇത്. ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഏറ്റവും ഭാരമേറിയ റോക്കറ്റാണ് വിക്ഷേപിച്ചത്. വേഗത കൂടിയതും പ്രതികരണ സമയം കുറഞ്ഞതുമായ ബ്രോഡ്ബാൻഡ് സേവനം ബഹിരാകാശത്ത് നിന്ന് നൽകുന്ന സേവനമാണ് വൺവെബ്ബിലൂടെ ലക്ഷ്യമിടുന്നത്.
Comments