തിരുവനന്തപുരം : ഷാരോൺ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപണമുയർന്ന പാറശാല എസ്എച്ച്ഒ ഹേമന്ദ് കുമാറിന് സ്ഥലം മാറ്റം. വിജിലൻസിലേക്കാണ് ഹേമന്ദ് കുമാറിനെ സ്ഥലം മാറ്റിയത്.
എസ്എച്ച്ഒമാരുടെ പൊതു സ്ഥലം മാറ്റത്തിൽ ഉൾപ്പെടുത്തിയാണ് ഹേമന്ദ് കുമാറിനെതിര നടപടി സ്വീകരിച്ചിരിക്കുന്നത്. പാറശാല പോലീസ് ഷാരോണിന്റെ മരണത്തെ നിസാരവത്കരിച്ചുവെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തള്ളിക്കളഞ്ഞെന്നുമായിരുന്നു ഉയർന്ന ആരോപണം. കേസിലെ നിർണായക തെളിവായ കഷായക്കുപ്പി കണ്ടെത്താൻ പോലീസ് ശ്രമിച്ചിരുന്നില്ല. പെൺകുട്ടിയോട് അനുകൂല നിലപാട് സ്വീകരിച്ച പോലീസ് വാട്‌സാപ്പ് ചാറ്റുകളിൽ അന്വേഷണംനടത്താത്തതിനെതിരേയും വ്യാപക വിമർശനമുയർന്നിരുന്നു.
ഇതിന് പുറമെ അന്വേഷണ ഉദ്യോഗസ്ഥന്റെ ഇടപെടലുകളിൽ ഷാരോണിന്റെ കുടുംബം പല തവണ ദൂരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. മാത്രമല്ല പ്രാഥമിക അന്വേഷണത്തിൽ പാറശാല പോലീസ് വരുത്തിയ വീഴ്ച തുടർന്നുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിനും തിരിച്ചടിയായി. അതേസമയം പോലീസ് കൃത്യമായി ഇടപെട്ടുവെന്ന് എസ് എച്ച് ഒ പറയുന്ന ശബ്ദരേഖയും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . ഇതിന് പിന്നാലെയാണ് എസ് എച്ച് ഒ ഹേമന്ദ് കുമാറിനെ വിജിലൻസിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് നടപടി സ്വീകരിച്ചിരിക്കുന്നത്.
Comments