കൊല്ലം: കരിങ്ങന്നൂരിൽ വാഴക്കുല മോഷ്ടിച്ച് വിറ്റ യുവാക്കൾ അറസ്റ്റിൽ. വട്ടപ്പാറ നൗഫൽ മൻസിലിൽ ഫൈസൽ, മുളയച്ചാൽ കൊടിയിൽ വീട്ടിൽ ഷഹനാസ്, വട്ടപ്പാറ പൊയ്കവിള വീട്ടിൽ സജീർ എന്നിവരാണ് അറസ്റ്റിലായത്. മോഷ്ടിച്ച വാഴക്കുലകൾ പ്രതികൾ സമീപത്തെ ബേക്കറിയിൽ വിൽപ്പന നടത്തുകയായിരുന്നു.
കരിങ്ങന്നൂർ മേഖലയിൽ നിന്നും പ്രതികൾ സ്ഥിരമായി കാർഷിക ഉത്പന്നങ്ങൾ മോഷണം പോകാറുണ്ട്. ഇതേ തുടർന്ന് നാട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം പ്രദേശവാസിയായ മുരളീധരന്റെ കൃഷിയിടത്തിൽ നിന്നും വാഴക്കുലകൾ കാണാതായിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പരാതി ലഭിച്ചതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഇതിൽ നിന്നും പ്രതികളുടെ ദൃശ്യങ്ങൾ ലഭിച്ചു. ഇതോടെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്‌കൂട്ടറിലാണ് പ്രതികൾ മോഷണ മുതൽ കടത്തിയിരുന്നത്. ഈ വാഹനവും പൂയപ്പള്ളി പോലീസ് കസ്റ്റഡിയിൽ എടുത്തു.
മോഷ്ടിച്ച വാഴക്കുലകൾ ഓയൂർ ജംഗ്ഷനിലെ ബേക്കറിയിലാണ് വിറ്റത്. ഇതും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.















