ന്യൂഡൽഹി: ഇലക്ട്രിക് സ്‌കൂട്ടർ വിൽക്കാനെന്ന വ്യാജേന തട്ടിപ്പിന് ഇരയായി ആയിരങ്ങൾ. 499 രൂപ അടച്ച് ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാമെന്ന് പറഞ്ഞ് ആളുകളെ കബളിപ്പിച്ച 20 പേർ പിടിയിൽ. ഝാർഖണ്ഡ്, തെലങ്കാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് തട്ടിപ്പുകാരെ അറസ്റ്റ് ചെയ്തത്. ഏഴ് ലാപ്ടോപ്പുകൾ, 38 സ്മാർട്ട് ഫോണുകൾ, 25 ബേസിക് ഫോണുകൾ, രണ്ട് ഹാർഡ് ഡിസ്‌കുകൾ, രണ്ട് സ്മാർട്ട് വാച്ചുകൾ, 114 സിം കാർഡുകൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു.
ഇരകളോട് ആദ്യം രജിസ്‌ട്രേഷനായി 499 രൂപ ഓൺലൈനായി അടയ്‌ക്കാൻ ആവശ്യപ്പെടും. പിന്നീട് വാഹന ഇൻഷുറൻസിനും മറ്റുമായി പണം കൈമാറാൻ പറയുന്നതാണ് തട്ടിപ്പ് രീതി. പണം കൈപ്പറ്റിയ ശേഷം വാഹനങ്ങൾ വിതരണം ചെയ്യാൻ കാലതാമസമുണ്ടാകുമെന്ന് തട്ടിപ്പിന് ഇരയായവരോട് പറഞ്ഞ് മുങ്ങുന്നതാണ് പതിവ്.
ഇത്തരത്തിൽ തട്ടിപ്പിന് ഇരയായി 40,000-ത്തോളം രൂപ നഷ്ടമായ വ്യക്തി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രതികളിലൊരാൾ ബംഗളൂരുവിലെത്തിയതായി കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൂട്ടുപ്രതികളെ കണ്ടെത്താനായത്.















