എറണാകുളം: ആലുവ യുസി കോളേജിൽ ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളെ അവഹേളിക്കുന്ന ഇൻസ്റ്റലേഷൻ പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിന് പിന്നിൽ എസ് എഫ് ഐ പ്രവർത്തകരാണെന്ന് വിശ്വഹിന്ദു പരിഷത്ത് ആരോപിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിക്കുന്ന നടപടി തുടർന്നാൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിഎച്ച്പി അറിയിച്ചു.
മത ഗ്രന്ഥങ്ങൾക്ക് മുകളിലാണ് ഭരണഘടനയുടെ സ്ഥാനമെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷൻ വിജി തമ്പി പറഞ്ഞു. ഇത് വ്യക്തമാക്കാനാണ് ഇൻസ്റ്റലേഷനിലൂടെ ഉദ്ദേശിച്ചതെന്ന കോളേജ് അധികൃതരുടെ വാദം അംഗീകരിക്കുന്നു. എന്നാൽ എന്ത് കൊണ്ട് മറ്റ് മതസ്ഥരുടെ ഗ്രന്ഥങ്ങൾ കലാസൃഷ്ടിയിൽ ഉൾപ്പെടുത്തിയില്ലെന്ന് അദ്ദേഹം ചോദിച്ചു. ഹൈന്ദവ പുരാണങ്ങളെ അവഹേളിക്കുന്ന ഇൻസ്റ്റലേഷന് പിന്നിൽ എസ്എഫ്‌ഐ പ്രവർത്തകരാണെന്നും അദ്ദേഹം പറഞ്ഞു.
ആലുവ യുസി കോളേജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന എക്‌സിബിഷനിലാണ് ഇൻറ്റലേഷൻ പ്രദർശിപ്പിച്ചത്. മതങ്ങളെക്കാൾ മുകളിലാണ് ഭരണഘടന എന്ന് വ്യക്തമാക്കാനാണ് ഇൻസ്റ്റലേഷൻ കൊണ്ട് ഉദ്ദേശിച്ചതെന്നാണ് സംഘാടകരുടെ വാദം. കോളേജിലെ മലയാളം വിഭാഗമാണ് ഇൻസ്റ്റലേഷൻ നിർമ്മിച്ചത്. സംഭവത്തിൽ കോളേജ് അധികൃതർ ഖേദം രേഖപ്പെടുത്തിയിരുന്നു.
Comments