കോട്ടയം : കോട്ടയത്ത് പോലീസിനെ നാണം കെടുത്തിയ മൊബൈൽ കള്ളൻ അറസ്റ്റിൽ. കുറിച്ചി സ്വദേശി ബിനു തമ്പിയാണ് പിടിയിലായത്. വീടുകളിൽ തീർത്ഥാടനത്തിന്റെ പേരിൽ ഭിക്ഷ യാചിച്ചു ചെല്ലുകയും വീട്ടുകാരുടെ ശ്രദ്ധ മാറുമ്പോൾ അവിടെയുള്ള ഫോണുകൾ കവരുകയും ആണ് ബിനുവിന്റെ പതിവ്. മുൻപും സമാനമായ കേസുകളിലും മയക്കുമരുന്ന് കേസിലും ബിനുവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
പോലീസിന് മൊബൈൽ കളളനെ പിടികൂടാൻ സാധിക്കാതെ വന്നതോടെ കോട്ടയം നാഗമ്പടത്ത് നിന്നുളള ഒരു കൂട്ടം യുവാക്കൾ ഇത് കണ്ടെത്തിക്കൊടുത്ത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സൈബർ സെല്ലിൽ നിന്നും പോലീസിൽ നിന്നും സഹായം കിട്ടാതെ വന്നതോടെയാണ് സാങ്കേതിക വിദ്യ ഉപയോഗിച്ച് യുവാക്കൾ നഷ്ടപ്പെട്ട ഫോൺ കണ്ടെത്തിയത്.
ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്ന് മോഷണം പോയ മറ്റ് ഏഴ് ഫോണുകളും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളന് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.















