കണ്ണൂർ: മാവേലി എക്സ്പ്രസിൽ വിദ്യാർത്ഥികളുടെ തല്ലുമാല. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള മാവേലി എക്സ്പ്രസിലാണ് സംഭവം. ജനറൽ കോച്ചിലുള്ള 25 വിദ്യാർത്ഥികളാണ് ഏറ്റുമുട്ടിയത്. മംഗളൂരുവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളാണ് കൂട്ടത്തല്ല് നടത്തിയത്.
വിദ്യാർത്ഥികൾ ട്രെയിനിൽ ബഹളമുണ്ടാക്കിയതായി യാത്രക്കാർ പറഞ്ഞു. തുടർന്ന് മഞ്ചേശ്വരം കഴിഞ്ഞപ്പോൾ മുതൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടുകയായിരുന്നു. കോളേജിലെ റാഗിംഗ് സംബന്ധിച്ച സംസാരമാണ് വാക്കേറ്റത്തിലും പിന്നാലെ കൂട്ടത്തല്ലിലും കലാശിച്ചത്. വഴക്ക് മൂർച്ഛിച്ചതോടെ യാത്രക്കാർ ഇടപ്പെട്ടു. ഒടുവിൽ യാത്രക്കാർ ആർപിഎഫിനെ വിവരം അറിയിക്കുകയായിരുന്നു. ട്രെയിൻ കാസർകോടെത്തിയപ്പോൾ ആർപിഎഫ് എത്തുകയും പിന്നാലെ വിദ്യാർത്ഥികൾ ഓടി രക്ഷപ്പെട്ടു.
തല്ലിനിടയിൽ തീവണ്ടി തല്ല് വൈറലാക്കാനുള്ള ശ്രമങ്ങളും നടന്നു. സാധാരണ മെമു വണ്ടിയിലാണ് വിദ്യാർത്ഥികൾ വൈകുന്നേരങ്ങളിൽ മംഗളൂരുവിലേക്ക് മടങ്ങുക.ക്യാമറ ഉള്ളതിനാൽ മെമു യാത്ര മാവേലിയിലേക്ക് മാറ്റുകയായിരുന്നു. മുൻപ് മാന്നാറിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയ വീഡിയോ വൈറലായിരുന്നു.
Comments