ഇസ്ലാമാബാദ്: ഗിൽജിത് ബാൾട്ടിസ്താനിൽ വീണ്ടും പെൺകുട്ടികളുടെ സ്കൂളുകൾ കത്തിക്കാൻ ശ്രമം. പാക് അധീന കശ്മീരിലെ ഗിൽജിത് ബാൾട്ടിസ്താനിൽ ഡയമർ ജില്ലയിലെ പെൺകുട്ടികളുടെ സ്‌കൂൾ കത്തിച്ച് ദിവസങ്ങൾക്ക് ശേഷമാണ്, ഗിസർ ജില്ലയിൽ പെൺകുട്ടികളുടെ മറ്റൊരു സ്‌കൂളും കത്തിക്കാൻ തീവ്രവാദികൾ ശ്രമിച്ചത്. ഗണ്ഡ-ഇ-യാസിൻ പ്രദേശത്തുള്ള സ്‌കൂളിന്റെ വാതിൽ മാത്രമെ ഇവർക്ക് കത്തിക്കാൻ സാധിച്ചുളളൂ. അഗ്നിക്കിരയായ സ്കൂളിന്റെ ചുവരിൽ ‘ജിബി-അടാങ്ക്’ എന്ന് കുറിച്ചിട്ടതായും കാണാം. തീവ്രവാദ പ്രവർത്തനത്തിന്റെ ഭാഗമാണിതെന്ന് പോലീസ് വ്യക്തമാക്കി.
ഗിൽജിത് ബാൾട്ടിസ്താനിൽ ഡയമർ ജില്ലയിലെ പെൺകുട്ടികളുടെ സ്‌കൂൾ കത്തിച്ച് ഒരാഴ്ചയ്‌ക്ക് ശേഷമാണ് പുതിയ സംഭവം. ഡയമറിലെ ഗേൾസ് സ്‌കൂളിന് നേരെയുണ്ടായ തീപിടുത്തത്തിൽ പാകിസ്താൻ മനുഷ്യാവകാശ കമ്മീഷൻ ദുഃഖം രേഖപ്പെടുത്തിയിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെ സ്വാതന്ത്ര്യവും വിദ്യാഭ്യാസവും തകർക്കാൻ തീവ്രവാദ സംഘങ്ങൾ നിരന്തരം അക്രമം അഴിച്ചു വിടുകയാണെന്നും അവർ ചൂണ്ടിക്കാണിച്ചു.
സ്കൂൾ പരിസരങ്ങളിൽ നീരീക്ഷണം ശക്തമാക്കണമെന്നും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുരക്ഷ ഒരുക്കണമെന്നും ജനങ്ങൾ നിരന്തരം ആവശ്യപ്പെടുന്നുണ്ട് എങ്കിലും തീവ്രവാദികളോട് മൃദു സമീപനമാണ് പാക് സർക്കാർ സ്വീകരിക്കുന്നത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനൊപ്പം സ്ത്രീകൾ അഭിപ്രായം പറയുന്നതിനെയും സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ ഒത്തു ചേരുന്നതിനെയും തീവ്രവാദ സംഘങ്ങൾ വിലക്കാൻ ശ്രമിച്ചു വരികയാണ്. ഏഴായിരത്തോളം ജനങ്ങൾ പാർക്കുന്ന പ്രദേശത്ത് പെൺകുട്ടികൾക്കുള്ള ഏക വിദ്യാലയമാണ് തീവ്രവാദികൾ കത്തിച്ചു കളഞ്ഞത്. ഏകദേശം 68 പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ടെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Comments